465 ദശലക്ഷത്തിലേറെ റിയാലിന്റെ അനധികൃത ഇടപാട് നടത്തിയ കേസിലാണ് കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. 50 ലക്ഷം റിയാല്‍ സംഘത്തിന്റെ പക്കല്‍ നിന്ന് പിടിച്ചെടുത്തതായും 20 ലക്ഷം റിയാല്‍ തദ്ദേശ അക്കൗണ്ടില്‍ നിന്ന് കണ്ടെത്തിയതായും അധികൃതര്‍ അറിയിച്ചു.

റിയാദ്: സൗദി അറേബ്യയില്‍ കള്ളപ്പണ ഇടപാട് കേസില്‍ 21 പേരടങ്ങുന്ന സംഘത്തിനെതിരെ പ്രത്യേക കോടതി വിധി. വിവിധ വകുപ്പുകള്‍ ചുമത്തി ആകെ 106 വര്‍ഷം തടവും 1.080 ദശലക്ഷം റിയാല്‍ പിഴയുമാണ് പ്രതികള്‍ക്കെതിരെ ശിക്ഷ വിധിച്ചത്. അഴിമതി വിരുദ്ധ അതോറിറ്റിയാണ് അഞ്ച് സ്വദേശികളും 16 വംശജരും ഉള്‍പ്പെടുന്ന സംഘത്തെ അന്വേഷണങ്ങള്‍ക്കൊടുവില്‍ പിടികൂടിയത്.

465 ദശലക്ഷത്തിലേറെ റിയാലിന്റെ അനധികൃത ഇടപാട് നടത്തിയ കേസിലാണ് കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. 50 ലക്ഷം റിയാല്‍ സംഘത്തിന്റെ പക്കല്‍ നിന്ന് പിടിച്ചെടുത്തതായും 20 ലക്ഷം റിയാല്‍ തദ്ദേശ അക്കൗണ്ടില്‍ നിന്ന് കണ്ടെത്തിയതായും അധികൃതര്‍ അറിയിച്ചു. കൃത്യമായ ഉറവിടമില്ലാതെ വിദേശത്ത് നിന്നുള്‍പ്പെടെ സംഘം നിയമവിരുദ്ധ ഇടപാടുകള്‍ക്ക് പണം സ്വീകരിച്ചതായാണ് കേസ്. സംഘത്തിലെ അഞ്ച് സ്വദേശികളുടെ പേരില്‍ ആരംഭിച്ച വ്യാജ സ്വകാര്യ കമ്പനികളുടെ ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് ഇടപാട് നടത്തിയത്. ഇടപാടുകളുടെ ഭാഗമായി വിദേശത്തേക്ക് കടത്തിയ പണം തിരിച്ചെത്തിക്കാനുള്ള നിയമനടപടികള്‍ പുരോഗമിക്കുകയാണ്. സൗദി അഴിമതി വിരുദ്ധ അതോറിറ്റിയും സൗദി സെന്‍ട്രല്‍ ബാങ്കും ബന്ധപ്പെട്ട വകുപ്പുകളും സഹകരിച്ചാണ് പ്രതികളെ പിടികൂടിയത്.