ബിരുദം അടിസ്ഥാന യോഗ്യതയുള്ള സ്വദേശിക്ക് നേരിട്ട് തന്ന സ്വകാര്യ കമ്പനികളിലെ ഉന്നത തസ്‍തികകളില്‍ നിയമിതനാവാന്‍ സാധിക്കും. ജോലിയുടെ സ്വഭാവം അനുസരിച്ച് ആവശ്യമായ പരിശീലനം തൊഴില്‍ മന്ത്രാലയം ഇതിനായി ലഭ്യമാക്കും.

ദോഹ: ഖത്തറിലെ സ്വകാര്യ കമ്പനികളുടെ ഉന്നത പദവികളില്‍ യോഗ്യരായ കൂടുതല്‍ സ്വദേശികളെ നിയമിച്ചതായി തൊഴില്‍ മന്ത്രാലയം. തൊഴില്‍ പരിശീലന പരിപാടിയിലൂടെ ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസം കൊണ്ട് 337 സ്വദേശികള്‍ക്ക് ഇത്തരത്തില്‍ രാജ്യത്തെ സ്വകാര്യ കമ്പനികളുടെ ഉന്നത പദവികളില്‍ ജോലി ലഭിച്ചതായും തൊഴില്‍ മന്ത്രാലയം വക്താവ് ഖാലിദ് ഹുസൈന്‍ അബ്‍ദുല്ല പറഞ്ഞു. ഖത്തര്‍ ടെലിവിഷന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുമ്പോള്‍ നിരവധി ഗുണങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിരുദം അടിസ്ഥാന യോഗ്യതയുള്ള സ്വദേശിക്ക് നേരിട്ട് തന്ന സ്വകാര്യ കമ്പനികളിലെ ഉന്നത തസ്‍തികകളില്‍ നിയമിതനാവാന്‍ സാധിക്കും. ജോലിയുടെ സ്വഭാവം അനുസരിച്ച് ആവശ്യമായ പരിശീലനം തൊഴില്‍ മന്ത്രാലയം ഇതിനായി ലഭ്യമാക്കും. സര്‍ക്കാര്‍ മേഖലയിലാണെങ്കില്‍ പ്രാഥമിക തസ്‍തികകളില്‍ ജോലിയില്‍ പ്രവേശിച്ച ശേഷം സ്ഥാനക്കയറ്റത്തിനായി ഏറെ നാള്‍ കാത്തിരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

നാഷണല്‍ എംപ്ലോയ്‍മെന്റ് പ്ലാറ്റ്ഫോം വഴി സ്വകാര്യ മേഖലയിലെ വിവിധ തൊഴിലവസരങ്ങള്‍ സ്വദേശികള്‍ക്കായി തൊഴില്‍ മന്ത്രാലയം ലഭ്യമാക്കുകയാണ്. ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസം കൊണ്ട് സ്വകാര്യ മേഖലയിലെ ഉന്നത തസ്‍തികകളില്‍ 337 പേര്‍ ജോലിയില്‍ പ്രവേശിച്ചു. ഫിനാന്‍സ് ആന്റ് ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളിലായിരുന്നു ഏറ്റവുമധികം നിയമനങ്ങള്‍. ഊര്‍ജ - വ്യവസായ മേഖലയിലും ടെലികമ്മ്യൂണിക്കേഷന്‍ - ഐ.ടി, സേവന - ഗതാഗതം, റിയല്‍ എസ്റ്റേറ്റ്, കോണ്‍ട്രാക്ടിങ് മേഖലകളിലും ഹോസ്‍പിറ്റാലിറ്റി രംഗത്തും സ്വദേശികള്‍ക്ക് ഉന്നത തസ്‍തികകളില്‍ ജോലി ലഭിച്ചു.