മലയാളികളടക്കം നിരവധി ഇന്ത്യക്കാരാണ് മക്കയിലെ ആശുപത്രികളിലും ക്വാറന്റീന്‍ സെന്ററുകളിലുമായി കഴിയുന്നത്. എന്നാല്‍ ഇവര്‍ക്കുവേണ്ട സഹായമെത്തിക്കാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് തയ്യാറായില്ലെന്ന പരാതിയുമയര്‍ന്നു. 

റിയാദ്: സൗദിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനെതിരെ പരാതികള്‍ വ്യാപകം. തൊഴില്‍ നഷ്ടമായും ശമ്പളം കിട്ടാതെയും കഴിയുന്നവരെ തിരിഞ്ഞുനോക്കുന്നില്ലെന്ന് ആരോപിച്ച് നിരവധി പേര്‍ രംഗത്തെത്തി. നാട്ടിലേക്ക് മടങ്ങാന്‍ അറിയിപ്പ് നല്‍കിയവര്‍ക്കും ടിക്കറ്റ് ലഭ്യമാക്കുന്നില്ലെന്നും പട്ടികയില്‍ അനര്‍ഹര്‍ കടന്നുകൂടിയതിനെപ്പറ്റി അന്വേഷണം വേണമെന്നും ആവശ്യമുയര്‍ന്നു.

ഗള്‍ഫില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് സൗദിയിലെ മക്കയിലാണ്. 12,500 ലധികം പേര്‍ക്കാണ് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. സൗദിയില്‍ മാത്രം മരണം 370കടന്നു. മലയാളികളടക്കം നിരവധി ഇന്ത്യക്കാരാണ് മക്കയിലെ ആശുപത്രികളിലും ക്വാറന്റീന്‍ സെന്ററുകളിലുമായി കഴിയുന്നത്. എന്നാല്‍ ഇവര്‍ക്കുവേണ്ട സഹായമെത്തിക്കാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് തയ്യാറായില്ലെന്ന പരാതിയുമയര്‍ന്നു.

എംബസിയില്‍ നാട്ടിലേക്ക് മടങ്ങാന്‍ അറിയിപ്പ് കിട്ടിയിട്ടും ടിക്കറ്റ് ലഭിക്കാതെ തഴയപ്പെടുന്നവരും ഏറെയാണ്. റിയാദില്‍ നിന്ന് നാട്ടിലെത്തിയെന്ന് പറഞ്ഞ് മറീനയേയും കുട്ടിയേയും തേടി താമരശ്ശേരിയിലെ വീട്ടിലേക്ക് ആരോഗ്യവകുപ്പിന്റെ അന്വേഷണം എത്തി. അതായത് എംബസി കേരളത്തിന് കൈമാറിയപട്ടിക പ്രകാരം ഈ അമ്മയും കുഞ്ഞും നാട്ടിലെത്തിക്കഴിഞ്ഞു. ഇതുപോലെ നൂറുകണക്കിന് അര്‍ഹരുടെ പേരില്‍ അനര്‍ഹര്‍ വന്ദേഭാരതില്‍ ഇടം നേടിയിട്ടും കേന്ദ്രസര്‍ക്കാര്‍ അന്വേഷണത്തിനുപോലും തയ്യാറായിട്ടില്ല.