ദുബായ്: കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ശരാശരി 20 ശതമാനം വര്‍ദ്ധനവാണ് ഇപ്പോള്‍ സ്വര്‍ണവിലയിലുള്ളത്. വില കുതിച്ചുയരുമ്പോഴും കഴിഞ്ഞ ദിവസമുണ്ടായ അപ്രതീക്ഷിത വിലക്കുറവ് പ്രയോജനപ്പെടുത്തുകയാണ് ഗള്‍ഫിലെ ഉപഭോക്താക്കള്‍. ദീപാവലി പ്രമാണിച്ച് സ്വര്‍ണവ്യാപാരികള്‍ നിരവധി ആനുകൂല്യങ്ങളുമായി ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നുമുണ്ട്.

അതേസമയം ഇപ്പോള്‍ യുഎഇയില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നത് നാട്ടില്‍ നിന്ന് വാങ്ങുന്നതിനേക്കാള്‍ ലാഭകരമായിരിക്കുമെന്ന് വ്യാപാര രംഗത്തുള്ളവര്‍ അഭിപ്രായപ്പെടുന്നു. കേരളത്തില്‍ ഇന്ന് 3560 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് വില. അതേസമയം ദുബായില്‍ ഇന്നലെ 169.50 ദിര്‍ഹവും. ഏകദേശം 3268 ഇന്ത്യന്‍ രൂപയ്ക്ക് തുല്യമാണിത്. ഇതിന് പുറമെ വിനോദ സഞ്ചാരികള്‍ക്ക് യുഎഇയില്‍ വാറ്റ് നികുതി തിരികെ ലഭിക്കുകയും ചെയ്യും. ഇതും കൂടി കണക്കിലെടുക്കുമ്പോള്‍ പത്ത് ശതമാനത്തിലധികം തുകയുടെ ലാഭമുണ്ടാക്കാനാവുമെന്നാണ് സ്വര്‍ണ വ്യാപാരികളുടെ അഭിപ്രായം. ഇതിന് പുറമെ നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണം വാങ്ങി സൂക്ഷിച്ചിരുന്നവര്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 21 ശതമാനത്തിലധികം ലാഭമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. വില കൂടിക്കൊണ്ടിരിക്കുന്നതിനാല്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണം വാങ്ങി സൂക്ഷിക്കാനും ഈ സമയം അനിയോജ്യമെന്നാണ് വിലയിരുത്തല്‍.