റിയാദ്: സൗദിയില്‍ സ്വദേശിവത്കരണം കൂടുതല്‍ ശക്തമാക്കുമ്പോള്‍ ലക്ഷക്കണക്കിന് പ്രവാസികള്‍ക്കാണ് ജോലി നഷ്ടമാകുന്നത്. കഴിഞ്ഞ 21 മാസത്തിനിടെ 15 ലക്ഷം വിദേശികള്‍ക്കെങ്കിലും സൗദിയില്‍ നിന്ന് ജോലി നഷ്ടമായി നാട്ടിലേക്ക് മടങ്ങേണ്ടിവന്നിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഘട്ടം ഘട്ടമായി വിവിധ മേഖലകളിലേക്ക് സ്വദേശിവത്കരണം വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവുമൊടുവില്‍ ബഖാലകളിലേക്ക് കൂടി സ്വദേശിവത്കരണം വ്യാപിപ്പിച്ചത് വഴി മാത്രം ഒന്നര ലക്ഷത്തിലധികം വിദേശികള്‍ക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. സ്വകാര്യ മേഖലയില്‍ വരുന്ന നാല് വര്‍ഷങ്ങള്‍ക്കകം 30 ശതമാനം സ്വദേശി പങ്കാളിത്തം ഉറപ്പുവരുത്താനാണ് തീരുമാനം. ഇതിനായി സൗദി പൗരന്മാരെ ലഭ്യമാവുന്ന മേഖലകളില്‍ നിന്നെല്ലാം വിദേശികളെ ഒഴിവാക്കുന്നതിനാല്‍ വരും വര്‍ഷങ്ങളില്‍ വിദഗ്ദ തൊഴിലുകള്‍ ചെയ്യുന്നവര്‍ക്കും ഭീഷണിയാണ്.

സൗദി സ്റ്റാറ്റിസ്റ്റിക്സ്‍ അതോരിറ്റിയുടെ കണക്ക് അനുസരിച്ച് 2017ല്‍ 4.66 ലക്ഷം വിദേശികള്‍ക്ക് ജോലി നഷ്ടമായി. കഴിഞ്ഞ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ മാത്രം 5.24 ലക്ഷം വിദേശികള്‍ക്കും ജോലി നഷ്ടമായി മടങ്ങേണ്ടിവന്നു. അതിന് ശേഷമുള്ള മൂന്ന് മാസത്തില്‍ സ്വകാര്യ മേഖലയില്‍ അഞ്ചര ലക്ഷ വിദേശികളുടെ ജോലി നഷ്ടമായെന്ന് സാമൂഹിക ഇന്‍ഷുറന്‍സ് ഓര്‍ഗനൈസേഷന്റെ കണക്കുകളും വ്യക്തമാക്കുന്നു. കുറഞ്ഞത് 15 ലക്ഷം പേര്‍ക്കെങ്കിലും ഇങ്ങനെ ജോലി നഷ്ടമായിട്ടുണ്ടെന്നാണ് കണക്ക്.