അബുദാബി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യുഎഇയില്‍ 3.2 ലക്ഷത്തിലേറെ വിദേശികള്‍ സ്വദേശങ്ങളിലേക്ക് മടങ്ങിയതായി അധികൃതര്‍. 1,300ലേറെ പ്രത്യേക വിമാനങ്ങളില്‍ ഓരോ രാജ്യത്തെയും ജനങ്ങളെ അവരവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള ഏകോപനത്തിന് വിദേശ അംബാസഡര്‍മാരുമായും കോണ്‍സുലേറ്റുകളുമായും സഹകരിച്ച് പ്രവര്‍ത്തിച്ചതായി യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം വ്യക്തമാക്കി.

സ്വദേശങ്ങളിലേക്ക് മടങ്ങിയവരില്‍ നാലിലൊന്ന് ആളുകളും ഇന്ത്യയില്‍ നിന്നുള്ളവരാണ്. അബുദാബിയിലെ ഇന്ത്യന്‍ എംബസിയിലും ദുബായ് കോണ്‍സുലേറ്റിലുമായി നാലര ലക്ഷത്തിലധികം ഇന്ത്യക്കാരാണ് മടക്കയാത്രയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 90,000ത്തോളം പേര്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. 

കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിമാനയാത്ര നിര്‍ത്തിവെച്ചപ്പോള്‍ വിദേശത്ത് കുടുങ്ങിയ 40,000 യുഎഇ നിവാസികള്‍ക്ക് ഇതുവരെ തിരികെ എമിറേറ്റിലേക്ക് മടങ്ങാന്‍ അനുമതി ലഭിച്ചതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. അവധിക്കും മറ്റുമായി നാട്ടിലേക്ക് പോയവരില്‍ തിരികെ മടങ്ങാനാവാതെ വിദേശത്ത് കുടുങ്ങിയ രണ്ട് ലക്ഷം ജീവനക്കാരെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ കഴിഞ്ഞ മാസം മുതല്‍ യുഎഇ ശക്തമാക്കിയതായും ഇവരുടെ മടങ്ങി വരവ് ഈയാഴ്ച മുതല്‍ ആരംഭിച്ചതായും അധികൃതര്‍ വിശദമാക്കി.