മസ്‌കറ്റ്: ഒമാനില്‍ കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനുള്ള സുപ്രീം കമ്മറ്റി നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച നാല്‍പ്പതിലധികം പേര്‍ക്കെതിരെ നടപടി. ഇവരുടെ പേരുവിവരങ്ങള്‍ പ്രസിദ്ധീകരിച്ചു. സൗത്ത് അല്‍ ബത്തിന, മുസന്ദം, സൗത്ത് അല്‍ ശര്‍ഖിയ, ദോഫാര്‍ എന്നീ ഗവര്‍ണറേറ്റുകളിലെ പ്രാഥമിക കോടതികള്‍ ഇതുമായി ബന്ധപ്പെട്ട് വിധി പ്രസ്താവിച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. 

സഞ്ചാര വിലക്ക് നിലനിന്നിരുന്ന സമയത്ത് യാത്ര ചെയ്തു, ഒത്തുചേരല്‍, മാസ്‌ക് ധരിച്ചില്ല എന്നിങ്ങനെ നിരവധി നിയമലംഘനങ്ങള്‍ക്ക് 42 പേര്‍ക്കെതിരെയാണ് അന്വേഷണം നടത്തിയതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. ഇവരെ ബന്ധപ്പെട്ട കോടതികള്‍ക്ക് കൈമാറി. നിയമലംഘകര്‍ക്ക് മൂന്നുമാസം തടവുശിക്ഷ മുതല്‍ 1,000 റിയാല്‍ പിഴ വരെ, നിയമ ലംഘനത്തിന്റെ ഗൗരവം അനുസരിച്ച് വിധിച്ചു. വിദേശികളെ ശിക്ഷാ കാലാവധിക്ക് ശേഷം നാടുകടത്തുമെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.