Asianet News MalayalamAsianet News Malayalam

തൊഴില്‍ നഷ്ടപ്പെട്ടവരും ഗര്‍ഭിണികളും ഉള്‍പ്പെടെ നാട്ടിലേക്ക് മടങ്ങാന്‍ കാത്ത് നാലുലക്ഷത്തിലധികം മലയാളികള്‍

അടിയന്തരസാഹചര്യത്തില്‍ നാട്ടിലേക്ക് മടങ്ങേണ്ട നാലു ലക്ഷത്തിലധികം പ്രവാസി മലയാളികള്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ വിലങ്ങുതടിയായി കേന്ദ്ര നിര്‍ദ്ദേശം. 

more than four lakhs expatriates registered in norka
Author
Abu Dhabi - United Arab Emirates, First Published May 4, 2020, 12:37 PM IST

അബുദാബി: തൊഴില്‍ നഷ്ടപ്പെട്ടവരും ഗര്‍ഭിണികളും ഉള്‍പ്പെടെ നാട്ടിലേക്ക് മടങ്ങാനായി നോര്‍ക്ക വഴി റജിസ്റ്റര്‍ ചെയ്തത് നാലുലക്ഷത്തിലധികം പ്രവാസികള്‍. അടിയന്തരസാഹചര്യത്തില്‍ നാട്ടിലേക്ക് മടങ്ങേണ്ട ഒന്നരലക്ഷത്തിലേറെ മലയാളികള്‍ ഗള്‍ഫ് നാടുകളില്‍ കഴിയുന്നതായി നോര്‍ക്ക രജിസ്‌ട്രേഷന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഒരാഴ്ചക്കിടെ നാലുലക്ഷത്തി പതിമൂവായിരം പ്രവാസികളാണ് നാട്ടിലേക്ക് മടങ്ങാന്‍ നോര്‍ക്കവഴി റജിസ്റ്റര്‍ ചെയ്തത്. ഇതില്‍  തൊഴില്‍ നഷ്ടപ്പെട്ടവര്‍ 61,009പേര്‍, ഗര്‍ഭിണികള്‍ 9,827, സന്ദര്‍ശന വിസ കാലാവധി കഴിഞ്ഞവര്‍ 41,236, തൊഴില്‍  വിസകാലാവധി കഴിഞ്ഞതും റദ്ദാക്കപ്പെട്ടവരുമായ 27,100 പ്രവാസികള്‍, വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ജയില്‍ മോചിതരായ 806പേരും നാട്ടിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒരു ദിവസംപോലും ഗള്‍ഫില്‍ തുടരാനാവാതെ അടിയന്തരമായി നാട്ടിലേക്കെത്തേണ്ട ഒന്നരലക്ഷത്തോളം മലയാളികള്‍തന്നെ മടക്കയാത്രയ്ക്കായി കാത്തിരിക്കുമ്പോഴാണ് ആകെ രണ്ടുലക്ഷം ഇന്ത്യകാര്‍ക്കു മാത്രമേ മടങ്ങാനാവൂ എന്ന കേന്ദ്ര നര്‍ദ്ദേശം. ഇത് പ്രവാസികളെ നിരാശരാക്കി.

കൊവിഡ് പശ്ചാത്തലത്തിൽ വിദേശത്തു കഴിയുന്നവര്‍ക്ക് സ്വദേശത്തേക്ക് തിരിച്ചെത്താൻ കർശന ഉപാധികളാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നത്. ഇതോടെ നോർക്കയിൽ രജിസ്റ്റർ ചെയ്ത എല്ലാവർക്കും ഉടൻ തിരികെയെത്താൻ കഴിയാത്ത സ്ഥിതിയുണ്ടാകും. വീസാ കാലാവധി തീർന്നവർക്കും അടിയന്തര സ്വഭാവമുള്ളവർക്കും മാത്രം ഉടൻ മടക്കത്തിന് അനുമതി നൽകാനാണ് കേന്ദ്ര നീക്കമെന്നാണ് വിവരം. ഇതനുസരിച്ച് കേന്ദ്രപട്ടികയിൽ നിലവിലുള്ളത് രണ്ട് ലക്ഷംപേർ മാത്രമാണ്. 

അതേസമയം നാട്ടിലേക്കുള്ള മടക്കം വൈകുന്തോറും ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാതെ ഗള്‍ഫില്‍ കഴിയുന്ന രോഗികളുടെ ആശങ്ക വര്‍ധിപ്പിക്കുന്നു. ഇന്നു രണ്ടു മലയാളികള്‍ കൂടി യുഎഇയില്‍ മരിച്ചു. തിരൂര്‍ താനൂര്‍ സ്വദേശി കമാലുദീന്‍ എന്ന സൈതവിയും. ആലപ്പുഴ പള്ളിപ്പാട് സ്വദേശി ജേക്കബുമാണ് മരിച്ചത്.  ഇരുപത്തിനാലു മണിക്കൂറിനിടെ 5 മലയാളികളാണ് യുഎഇയില്‍ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ ഗള്‍ഫില്‍ വൈറസ് ബാധിച് മരിച്ച മലയാളികളുടെ എണ്ണം നാല്പത്തി നാലായി. ഉയര്‍ന്നുവരുന്ന മരണനിരക്കും രോഗബാധിതരുടെ എണ്ണവും ഗള്‍ഫിലെ മലയാളിസമൂഹത്തിനിടയില്‍ ആശങ്ക പടര്‍ത്തുമ്പോഴാണ് നാട്ടിലേക്കുള്ള മടക്കം നീണ്ടുപോകുന്നത്.

Follow Us:
Download App:
  • android
  • ios