ജിദ്ദ: സൗദിയിൽ മൂന്നു മാസത്തിനിടെ ഒന്നര ലക്ഷത്തിലേറെ ആളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടതായി കണക്ക്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്വകാര്യ സ്ഥാപനങ്ങൾക്കുണ്ടായ പ്രതിസന്ധിയാണ് ഇത്രയേറെ ആളുകൾക്ക് തൊഴിൽ നഷ്ടപ്പെടാൻ കാരണം.

ഈ വർഷം മൂന്നാം പാദത്തിൽ സ്വകാര്യ മേഖലയിൽ വിദേശികളും സ്വദേശികളും അടക്കം 155411 ആളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടതായി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. സെപറ്റംബർ 30ന് അവസാനിച്ച മൂന്നാം പാദത്തിലെ കണക്കുകൾ പ്രകാരം സ്വകാര്യ മേഖലയിൽ 81.68 ലക്ഷം ജീവനക്കാരാണുള്ളത്. രണ്ടാം പാദത്തിലിത് 83.24 ലക്ഷം ജീവനക്കാരായിരുന്നു.

സ്വകാര്യ മേഖലയിൽ വിദേശ തൊഴിലാളികളുടെ എണ്ണം 64.09 ലക്ഷമാണ്. ഇതിൽ 61.81 ലക്ഷം പുരുഷന്മാരും 227902 പേർ വനിതകളുമാണ്. മൂന്നാംപാദാവസാനത്തെ കണക്കുകൾ പ്രകാരം 17.59 സ്വദേശികളാണ് സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്നത്.   
റിയാദ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ ആളുകൾ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.