Asianet News MalayalamAsianet News Malayalam

പൊതുദര്‍ശനം ഒഴിവാക്കി; അറ്റ്‍ലസ് രാമചന്ദ്രന് യാത്രാമൊഴിയേകി ദുബൈ

അറ്റ്‍ലസ് രാമചന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചിരുന്നതിനാൽ പൊതുദര്‍ശനം ഒഴിവാക്കിയിരുന്നു.

mortal remains of Atlas Ramachandran cremated in jebal ali
Author
First Published Oct 3, 2022, 8:20 PM IST

ദുബൈ: അന്തരിച്ച പ്രവാസി വ്യവസായി അറ്റ്‍ലസ് രാമചന്ദ്രൻറെ സംസ്കാരം ദുബൈയിൽ നടന്നു. ജബലലി ക്രിമറ്റോറിയത്തിലായിരുന്നു സംസ്കാരചടങ്ങുകൾ. സഹോദരൻ രാമപ്രസാദ് ആണ് അന്ത്യകര്‍മങ്ങൾ ചെയ്തത്. 

കൊവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് സംസ്കാരചടങ്ങുകളിൽ പങ്കെടുത്തത്. അറ്റ്‍ലസ് രാമചന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചിരുന്നതിനാൽ പൊതുദര്‍ശനം ഒഴിവാക്കിയിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബൈയിലെ ആസ്റ്റര്‍ മന്‍ഖൂല്‍ ആശുപത്രിയില്‍ വെച്ച് ഞായറാഴ്ച രാത്രിയായിരുന്നു അദ്ദേഹത്തിന്റെ നിര്യാണം. ശാരീരിക അസ്വാസ്ഥ്യങ്ങള്‍ കാരണം ശനിയാഴ്ചയായിരുന്നു അറ്റ്‍ലസ് രാമചന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യ ഇന്ദു രാമചന്ദ്രൻ, മകള്‍ ഡോ. മഞ്ജു രാമചന്ദ്രൻ, പേരക്കുട്ടികളായ ചാന്ദിനി, അർജുൻ എന്നിവർ മരണ സമയത്ത് ഒപ്പമുണ്ടായിരുന്നു. 

Read More:  അന്തര്‍ധാരകള്‍ തിരിച്ചറിഞ്ഞില്ല, മാനേജര്‍മാര്‍ ചതിച്ചു; തകര്‍ച്ചയെക്കുറിച്ച് അറ്റ്‍ലസ് രാമചന്ദ്രന്‍ പറഞ്ഞത്...

മലയാളികള്‍ക്ക് മറക്കാനാകാത്ത പേരാണ് അറ്റ്ലസ് രാമചന്ദ്രന്‍റേത്.  ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യ വാചകം അത്രമേല്‍ മലയാളികള്‍ ഹൃദയത്തിലേറ്റിയിരുന്നു. യുഎഇയിലെ ഏറ്റവും വലിയ സ്വര്‍ണ വ്യാപാരിയിലേക്കുള്ള രാമചന്ദ്രന്റെ വളർച്ച അതിവേഗമായിരുന്നു. യുഎഇയിലെ വിവിധ എമിറേറ്റുകളിലെ 19 സ്വര്‍ണ വ്യാപാര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ലോകമെമ്പാടുമായി 47 ജ്വല്ലറികളുണ്ടായിരുന്നു അദ്ദേഹത്തിന്. തൊട്ടതെല്ലാം പൊന്നാക്കിയ സ്വര്‍ണാഭരണ വ്യവസായി എന്ന നിലയിലും അദ്ദേഹം സുപ്രസിദ്ധനായി. നല്ല നിലയില്‍ ബിസിനസ് മുന്നോട്ട് പോവുന്നതിനിടയില്‍ സംഭവിച്ച കോടികളുടെ കടബാധ്യതയാണ് അറ്റ്ലസ് രാമചന്ദ്രനെ വലച്ചത്. വിവിധ ബാങ്കുകളില്‍ നിന്നായി എടുത്ത 55 കോടിയിലേറെ ദിര്‍ഹത്തിന്‍റെ വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വന്നതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു.

അഞ്ച് കോടിയുടെ ചെക്കുകൾ മടങ്ങിയതോടെ ആദ്യ കേസ്, തുടർന്ന് സാമ്പത്തിക ഇടപാടുകളെ തുടര്‍ന്നുണ്ടായ മറ്റുപല കേസുകളും. പണം തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതോടെ അദ്ദേഹം വായ്പയെടുത്ത 15 ബാങ്കുകള്‍ ചേര്‍ന്ന് യുഎഇ സെന്‍ട്രല്‍ ബാങ്കിനെ സമീപിച്ചു. ഒപ്പം പോലീസിൽ പരാതിപ്പെടുകയും ചെയ്തു. ദുബായിലെ റിഫ, നായിഫ്, ബര്‍ദുബായി തുടങ്ങിയ പോലീസ് സ്റ്റേഷനുകളില്‍ അദ്ദേഹത്തിനെതിരെ പരാതികൾ എത്തി. ഇത് അറ്റ്ലസ് രാമചന്ദ്രന്റെ അറസ്റ്റിലേക്ക് വഴിവെച്ചു. ദുബൈ കോടതി അറ്റ്ലസ് രാമചന്ദ്രന്  മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. അപ്പീല്‍ കോടതിയിലെ നടപടികള്‍ക്ക് ശേഷം 2018ലാണ് ജയില്‍ മോചിതനായത്.

Read also: ജയിൽ മോചിതൻ ആയിട്ടും ഇന്ത്യയിലേക്ക് മടങ്ങണം എന്ന സ്വപ്നം ബാക്കിയാക്കി അറ്റ്‍ലസ് രാമചന്ദ്രന്‍റെ മരണം

ജയില്‍ മോചനത്തിന് ശേഷം അറ്റ്‍ലസ് ജ്വല്ലറി വീണ്ടും തുറക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ നിര്യാണം. ഇതിനായുള്ള ചര്‍ച്ചകള്‍ നടന്നുവരികയായിരുന്നു. ബാധ്യതകള്‍ തീരാത്തതിനാല്‍ യുഎഇയില്‍ നിന്ന് പുറത്തുപോകുന്നതിനുള്ള വിലക്ക് നിലവിലുണ്ടായിരുന്നതിനാല്‍ നാട്ടിലെത്തണമെന്ന ആഗ്രഹവും പൂര്‍ത്തീകരിക്കാനായില്ല. 

 

Follow Us:
Download App:
  • android
  • ios