എട്ടു വര്‍ഷമായി സുലയിൽ വാഹന മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്ന ഷണ്‍മുഖന്‍ കഴിഞ്ഞ മാര്‍ച്ച് പതിനെട്ടാം തീയ്യതിയാണ് മരണപ്പെട്ടത്.

റിയാദ്: അഞ്ച് മാസമായി സൗദി അറേബ്യയിലെ വാദീദവാസിർ സുലയിൽ ജനറൽ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരുന്ന തമിഴ്‍നാട് കന്യാകുമാരി നാഗർകോവിൽ സ്വദേശി ശങ്കരൻ ഷണ്‍മുഖന്റെ (33) മ്യതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. റിയാദിൽ നിന്ന് ഇത്തിഹാദ് വിമാനത്തിൽ ചെന്നൈ വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്‌കരിച്ചു.

എട്ടു വര്‍ഷമായി സുലയിൽ വാഹന മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്ന ഷണ്‍മുഖന്‍ കഴിഞ്ഞ മാര്‍ച്ച് പതിനെട്ടാം തീയ്യതിയാണ് മരണപ്പെട്ടത്. തുടര്‍ന്ന് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിന് കുടുംബം റിയാദിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടു. സ്‍പോണ്‍സറുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂർത്തീകരിക്കുന്നതിന് എംബസി ഡെത്ത് വിഭാഗം ഉദ്യോഗസ്ഥര്‍, റിയാദ് ഇന്ത്യന്‍ എംബസി കമ്മ്യൂണിറ്റി വെല്‍ഫെയര്‍ വളണ്ടിയറും റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാനുമായ റഫീഖ് മഞ്ചേരിയെ ഓഗസ്റ്റ് ആദ്യവാരം സമീപിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ് ജനറല്‍ കണ്‍വീനര്‍ ഷറഫ് പുളിക്കലിന്റെയും റിയാസ് തിരൂർക്കാട്. ഇസ്ഹാഖ് താനൂർ. സലീം സിയാംകണ്ടം എന്നിവരുടെയും നേതൃത്വത്തില്‍ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു. സുലയിൽ നിന്നും മൃതദേഹം റിയാദ് ഷുമേസി ഹോസ്‍പിറ്റലിൽ എത്തിക്കുന്നതിന് സുലയിൽ കെ.എം.സി.സി നേതാക്കളായ അലി അമ്മിനിക്കാട് ഹംസ കണ്ണൂർ റഷീദ് അമ്മിനിക്കാട്, അഷ്‌റഫ് കുറ്റ്യാടി എന്നിവരുടെ സഹായങ്ങളും ലഭിച്ചു. നാട്ടിലുളള സഹോദരീ ഭർത്താവ് വീരനാരായണനും മറ്റ് കുടുംബാംഗങ്ങളും കെ.എം.സി.സിയുടെ പ്രവര്‍ത്തനത്തെ പ്രശംസിക്കുകയും നന്ദി അറിയിക്കുകയും ചെയ്‍തു.