റിയാദ്: ഒന്നര മാസം മുമ്പ് ഹദൃയസ്തംഭനം മൂലം റിയാദിൽ മരിച്ച തമിഴ്നാട് സ്വദേശിയുടെ മൃതദേഹം നാട്ടിൽ കൊണ്ടുപോയി. ശിഫ സനാഇയ്യയിൽ ജോലി ചെയ്തിരുന്ന തഞ്ചാവൂർ സ്വദേശി പളനിയപ്പൻ ഗണേശൻ (60) നവംബർ 24നാണ് മരിച്ചത്. മൃതദേഹം കഴിഞ്ഞ ദിവസം റിയാദിൽ നിന്ന് കൊണ്ടുപോയ മൃതദേഹം ചെന്നൈ വിമാനത്താവളത്തിൽ എത്തി ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശമായ തഞ്ചാവൂരിലേക്ക് കൊണ്ട് പോയി സംസ്കരിച്ചു. 

മലയാളി സാമൂഹിക പ്രവർത്തകരുടെ ശ്രമഫലമായാണ് നാട്ടിൽ കൊണ്ടുപോയത്. റിയാദിൽ വസ്ത്രനിർമാണ കമ്പനിയിൽ ജീവനക്കാരനായിരുന്നു പളനിയപ്പൻ ഗണേശൻ. മരിച്ചത് മുതൽ സഹോദരൻ നടപടിക്രമങ്ങൾക്കായി കമ്പനിയെ സമീപിക്കുകയും കമ്പനിയുടെ ഭാഗത്ത് നിന്ന് യാതൊരു വിധ സഹായ സഹകരണങ്ങൾ കിട്ടാത്തതിന്റെ അടിസ്ഥാനത്തിൽ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങിനെ സമീപിക്കുകയുമായിരുന്നു. 

ശമ്പളവും മറ്റാനുകൂല്യങ്ങളും മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവും കമ്പനി നൽകാൻ തയ്യാറാവാത്ത സാഹചര്യത്തിൽ കെ.എം.സി.സി പ്രവർത്തകർ ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽ പെടുത്തുകയും എംബസിയുടെയും പൊലീസിന്റെയും സഹായത്തോടെ മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കുകയും ചെയ്യുകയായിരുന്നു. 

കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂരിന്റെയും ജനറൽ കൺവീനർ ശറഫ് പുളിക്കലിന്റെയും നിരന്തര ഇടപെടലിന്റെ ഫലമായി കമ്പനിയിൽ നിന്ന് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവും ഗണേശന് കമ്പനിയിൽ നിന്നു കിട്ടാനുള്ള മുഴുവൻ ശമ്പളവും ആനുകൂല്യങ്ങളും നേടിയെടുക്കാനും പണം നാട്ടിൽ കുടുംബത്തിന് എത്തിച്ചുകൊടുക്കാനും കഴിഞ്ഞു.