പിതാവും മകനും രണ്ടു സഹപ്രവര്‍ത്തകരും രാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേയാണ് അപകടം. രണ്ടാം നിലയില്‍ മുകള്‍ ഭാഗം ഷീറ്റിട്ട റൂമിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ടാങ്ക് റൂമിലേക്ക് പതിച്ചാണ് അപകടം.

റിയാദ്: റിയാദില്‍ താമസിക്കുന്ന കെട്ടിടത്തിന്റെ മുകളിലുണ്ടായിരുന്ന വാട്ടര്‍ ടാങ്ക് തകര്‍ന്നുവീണ് അതിനടിയില്‍ പെട്ട് മരിച്ച ഇന്ത്യാക്കാരായ പിതാവിന്റെയും മകെന്റയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. റിയാദ് ബത്ഹയിലെ മര്‍ഖബ് ഡിസ്ട്രിക്റ്റില്‍ ഇരുനില വീടിന്റെ മുകളിലുള്ള വാട്ടര്‍ ടാങ്ക് പൊട്ടിവീണ് മരിച്ച ഉത്തര്‍പ്രദേശ് ലഖ്‌നൗ ബാരാബങ്കിയിലെ സമീന്‍ ഹുസൈന ഗ്രാമത്തില്‍ നിന്നുള്ള മുഹമ്മദ് വക്കീല്‍ ശൈഖ് (56), മുഹമ്മദ് റിസ്വാന്‍ (31) എന്നിവരുടെ മൃതദേഹങ്ങളാണ് റിയാദ് കെ.എം.സി.സി നേതാവ് തെന്നല മൊയ്തീന്‍ കുട്ടിയുടെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്കയച്ചത്.

ജൂണ്‍ 27 നാണ് അപകടം ഉണ്ടായത്. പിതാവും മകനും രണ്ടു സഹപ്രവര്‍ത്തകരും രാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേയാണ് അപകടം. രണ്ടാം നിലയില്‍ മുകള്‍ ഭാഗം ഷീറ്റിട്ട റൂമിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ടാങ്ക് റൂമിലേക്ക് പതിച്ചാണ് അപകടം. രണ്ടു പേരും തല്‍ക്ഷണം മരിച്ചു. മറ്റു രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അപകടം നടക്കുന്നതിന് മൂന്നു ദിവസം മുമ്പാണ് ഈ വാട്ടര്‍ ടാങ്ക് അവിടെ സ്ഥാപിച്ചത്.

കഴിഞ്ഞ ദിവസം ന്യൂദല്‍ഹിയിലെത്തിയ മൃതദേഹങ്ങള്‍ ദല്‍ഹി കെ.എം. സി.സി പ്രവര്‍ത്തകരാണ് നാട്ടിലെത്തിച്ചത്. ഹദസുല്‍ നിഷയാണ് മുഹമ്മദ് വക്കീലിന്റെ ഭാര്യ. മുഹമ്മദ് റിഹാന്‍, നാജിയ ഭാനു, മുഹമ്മദ് ഷഹബാസ്, മുഹമ്മദ് അര്‍ബാസ് എന്നിവര്‍ റിസ്വാന്റെ സഹാദരങ്ങളാണ്. റിസ്വാന് ഭാര്യയും രണ്ടു മക്കളുമുണ്ട്. ദരിദ്ര കുടുംബത്തിന്റെ അത്താണികളായിരുന്നു ഇരുവരും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona