റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് മരിച്ച തിരുവനന്തപുരം കാട്ടാക്കട സ്വദേശി അനിൽകുമാർ ഗോപിനാഥൻ ആചാരിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. 22 വർഷമായി പ്രവാസം നയിക്കുകയായിരുന്ന അനിൽ കുമാർ നാലു വർഷമായി റിയാദിലെ ഒരു മെറ്റൽ വർക്ക്ഷോപ്പിൽ ജോലി ചെയ്യുകയായിരുന്നു. 

നിയമക്കുരുക്കിൽപ്പെട്ട് കഴിഞ്ഞ രണ്ടു വർഷമായി നാട്ടിൽ പോകാൻ കഴിയാതെ ബുദ്ധിമുട്ടുന്നതിനിടെയാണ് ഹൃദയാഘാതംമൂലം മരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് സ്‍പോൺസർ സഹകരിക്കാത്തതിനെ തുടർന്ന് നാട്ടിൽ നിന്ന് ബന്ധുക്കൾ നോർക്കയിൽ പരാതിപ്പെട്ടു. ലോക കേരളസഭ അംഗവും കേളി രക്ഷാധികാരി കൺവീനറുമായ കെ.പി.എം.സാദിഖ് മുഖേന നോർക്ക, വിഷയം ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്ന് എംബസി വിഷയത്തിൽ ഇടപെടുകയുമാണുണ്ടായത്. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന്റെ മുഴുവൻ ചെലവുകൾ എംബസിയും നിയമനടപടികൾ പൂർത്തിയാക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി കലാ സാംസ്കാരിക വേദി കേന്ദ്ര ജീവകാരുണ്യ വിഭാഗവും നേതൃത്വം നൽകി. അനിൽകുമാറിന് ഭാര്യയും രണ്ട് പെൺകുട്ടികളും ഉണ്ട്.