Asianet News MalayalamAsianet News Malayalam

താമസിക്കുന്ന കെട്ടിടത്തിൽ നിന്നു വീണ് ചികിത്സയിലിരിക്കെ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

താമസിക്കുന്ന കെട്ടിടത്തിന്റെ മുകൾ നിലയിൽ നിന്നും കാലു വഴുതി വീണ് സാരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

mortal remains of malayali engineer who died in saudi arabia brought home in Kerala
Author
Riyadh Saudi Arabia, First Published Nov 13, 2021, 5:00 PM IST

റിയാദ്: സൗദി അറേബ്യയിൽ കെട്ടിടത്തിൽ നിന്നും താഴെ വീണതിനെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച മലയാളി യുവ കമ്പ്യൂട്ടർ എൻജിനീയറുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി. കോഴിക്കോട് കുന്ദമംഗലം പോലൂർ തയ്യിൽ പരേതനായ അബ്‍ദുല്ല മൗലവിയുടെ മകൻ അബ്‍ദുൽ ഹക്കീമിന്റെ (32) മൃതദേഹമാണ്‌ വെള്ളിയാഴ്ച നാട്ടിൽ മറവ് ചെയ്തത്. 

നീണ്ട അഞ്ചര മാസത്തെ ചികിത്സക്കൊടുവിൽ കഴിഞ്ഞ ഞായറാഴ്‍ച രാത്രി 8.30ഓടെയാണ്‌ റിയാദിലെ മുവാസാത്ത് ആശുപത്രിയിൽ ഹക്കീം മരിച്ചത്. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം വ്യാഴാഴ്ച രാത്രി 9.30-ന് ശ്രീലങ്കൻ എയർലൈൻസിൽ നെടുമ്പാശ്ശേരിയിലേക്ക് അയച്ചു.

ജൂൺ മൂന്നിനാണ്‌ ഹക്കീം താമസിക്കുന്ന കെട്ടിടത്തിന്റെ മുകൾ നിലയിൽ നിന്നും കാലു വഴുതി വീണത്. സാരമായി പരിക്കേറ്റ ഹക്കീമിനെ ഉടൻ തന്നെ ഭാര്യ ഡോ. റെസ്നിയും അയൽവാസികളും കൂടി റിയാദിലെ മുവാസാത്ത് ആശുപത്രിയിലെത്തിക്കുകയും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു. 

തുടർന്ന് അഞ്ചര മാസത്തോളമായി അബോധാവസ്ഥയിൽ ചികിത്സയിലായിരുന്നു. തലക്കും കൈകാലുകൾക്കും സാരമായി പരിക്കേറ്റ ഹക്കീമിനെ പലതവണ ശസ്ത്രക്രിയക്ക് വിധേയനാക്കി. ചികിത്സയിൽ കാര്യമായ പുരോഗതി കാണാഞ്ഞതിനാൽ നാട്ടിൽ കൊണ്ടുപോകാൻ പല തവണ ശ്രമിച്ചു. നിരന്തരമായ ശ്രമത്തിനൊടുവിൽ യാത്രാനുമതി ലഭിച്ചെങ്കിലും പോകുന്നതിന്റെ ഒരു ദിവസം മുമ്പ് ചികിത്സിക്കുന്ന ഡോക്ടർ യാത്ര റദ്ദ് ചെയ്യണമെന്നും ഉടനെ ശസ്ത്രക്രിയക്ക് വിധേയനാക്കണമെന്നും ആവശ്യപ്പെടുകയും യാത്ര മാറ്റിവെക്കുകയും ചെയ്തു. 

ഒരു മാസത്തിന്‌ ശേഷം വീണ്ടും യാത്രാനുമതി നേടിയെടുത്ത് ഹക്കീമിനെയും കൊണ്ട് ഭാര്യയും സാമൂഹിക പ്രവർത്തകരും റിയാദ് വിമാനത്താവളത്തിൽ എത്തിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ യാത്ര വീണ്ടും മുടങ്ങി. പിന്നീട് എയർ ആംബുലൻസ് വഴി നാട്ടിലെത്തിക്കുന്നതിനുള്ള അവസാന ശ്രമത്തിലായിരുന്നു. അതിനിടയിലാണ് അന്ത്യം സംഭവിച്ചത്.

റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ, വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, വനിതാ വിങ് ജനറൽ സെക്രട്ടറി ജസീല മൂസ, റിയാദ് ഹെൽപ്പ് ഡെസ്‍ക് ഭാരവാഹികളായ നൗഷാദ് ആലുവ, ഡൊമിനിക് സാവിയോ, സലാം പെരുമ്പാവൂർ, അർഷാദ് ഫറോക്ക് എന്നിവർ അപകട സമയം മുതൽ എല്ലാ വിധ സഹായങ്ങളും നൽകാൻ രംഗത്തുണ്ടായിരുന്നു. 
ഹക്കീമിന്റെ ഭാര്യ ഡോ. പി.കെ. റെസ്‍നിയെ അപകടമുണ്ടായ ദിവസം മുതൽ ഒപ്പം കൊണ്ടുപോയി സംരക്ഷണം നൽകിയത് ജസീല മൂസയായിരുന്നു. ഹക്കീമിന്റെ മരണത്തെ തുടർന്ന് ഭാര്യ റെസ്‍നി നാട്ടിലേക്ക് മടങ്ങി. 

Follow Us:
Download App:
  • android
  • ios