ബന്ധുക്കളില്‍ ചിലരുടെ രേഖകള്‍ കൃത്യസമയത്ത് എത്താത്തതിനാല്‍ നടപടിക്രമങ്ങള്‍ വൈകുകയായിരുന്നു. 

റിയാദ്: ഒമ്പത് വർഷം നാട്ടിൽ പോകാനാവാതെ സൗദി അറേബ്യയിൽ കഴിയുന്നതിനിടെ ഇക്കഴിഞ്ഞ ശനിയാഴ്ച മരിച്ച പാലക്കാട് കുണ്ടലശ്ശേരി കേരളശ്ശേരി സ്വദേശി പുത്തൻപീടിക അബൂബക്കറിന്റെ (65) മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ജിദ്ദയിൽ ജോലി ചെയ്തിരുന്ന അബൂബക്കർ കഴിഞ്ഞ മാസം സ്‍പോൺസറുടെ കൂടെ റിയാദിൽ എത്തിയപ്പോൾ അസുഖ ബാധിതനായി ഫെബ്രുവരി 27ന് റിയാദിലെ കിങ് ഖാലിദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് വെൻറിലേറ്ററിൽ കഴിയുന്നതിനിടെയാണ് മരിച്ചത്. 

മരണാനന്തര നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ബന്ധുക്കളുടെ സമ്മതപത്രം എത്തിയിട്ടുണ്ടെന്നും അടുത്തയാഴ്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പൂർത്തിയാക്കാനാകുമെന്നും സാമൂഹിക പ്രവർത്തകര്‍ അറിയിച്ചു. ബന്ധുക്കളില്‍ ചിലരുടെ രേഖകള്‍ കൃത്യസമയത്ത് എത്താത്തതിനാല്‍ നടപടിക്രമങ്ങള്‍ വൈകുകയായിരുന്നു. 

നാലു പതിറ്റാണ്ടായി പ്രവാസിയായിരുന്ന അബൂബക്കര്‍, 2013 സെപ്റ്റംബറിൽ അവധി കഴിഞ്ഞ് തിരിച്ചെത്തിയതിന് ശേഷം നാട്ടിലെ ചില നിയമപ്രശ്നങ്ങൾ കൊണ്ട് പിന്നീട് നാട്ടിലേക്ക് പോകാനാവാതെ നീണ്ട ഒമ്പത് വർഷം സൗദിയില്‍ കുടുങ്ങിപ്പോവുകയായിരുന്നു. ഹൗസ് ഡ്രൈവറായാണ് ജോലി ചെയ്തിരുന്നത്. നാട്ടിലെത്താനുള്ള ആഗ്രഹം സഫലമാകാതെയാണ് അബൂബക്കറിന്റെ അന്ത്യം സംഭവിച്ചത്. ആദ്യ ഭാര്യ നൽകിയ കേസിനെ തുടർന്നാണ് നാട്ടില്‍ പോകാന്‍ സാധിക്കാതിരുന്നത്.

അബൂബക്കറിന്റെ പിതാവുും സഹോദരങ്ങളും ഭാര്യമാരും മക്കളും മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള രേഖകള്‍ ശിരിയാക്കി റിയാദിലെ ഇന്ത്യന്‍ എംബസിയിലേക്ക് അയച്ചിട്ടുണ്ട്. സാമൂഹിക പ്രവർത്തകരായ നിഹ്മത്തുല്ല, സിദ്ദീഖ് തുവ്വൂര്‍, ഹുസൈന്‍ ദവാദ്മി എന്നിവരാണ് സഹായത്തിന് രംഗത്തുള്ളത്. പിതാവ് കെ.പി. മുഹമ്മദ് റാവുത്തര്‍, ഭാര്യമാരായ നൂർജഹാന്‍, ശഹീദ ബീവി, മക്കളായ അബ്ദുല്‍ ഗഫൂര്‍, അബ്ദുല്‍ ശുകൂര്‍, ഹംസ, റൈഹ ഫാത്തിമ, സഹോദരങ്ങളായ സുലൈമാന്‍, സിദ്ദീഖ്, അബ്ദുസ്സലാം എന്നിവരാണ് മൃതദേഹം നാട്ടിൽ അയക്കാനുള്ള രേഖകള്‍ അയച്ചത്.

Read also: ഉംറ തീര്‍ത്ഥാടനത്തിന് എത്തിയ മലയാളി യുവതി സൗദി അറേബ്യയില്‍ നിര്യാതയായി