സൗദിയിൽ കഴിഞ്ഞ മാസം മരിച്ച മലയാളി നഴ്സിന്‍റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. ഒമ്പത് വർഷമായി അബു അരിഷ് ആംഡ് ഫോഴ്‌സ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.  

റിയാദ്: തെക്കുപടിഞ്ഞാറൻ സൗദിയിലെ ജിസാനിൽ മരിച്ച നഴ്സ് പത്തനംതിട്ട റാന്നി നെല്ലിക്കമൺ സ്വദേശിനി ഷേർളി ഡേവിഡ് ജേക്കബിന്‍റെ (34) സംസ്കാരം റാന്നിയിൽ നടന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ജിസാൻ അബു അരിഷ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മാർച്ച് 22-നാണ് ഷേർളി മരിച്ചത്. നിയമനടപടികൾ പൂർത്തിയാക്കിയ മൃതദേഹം കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

ചൊവ്വാഴ്ച രാവിലെ എട്ട് മുതൽ ഒമ്പത് വരെ മാതാപിതാക്കളുടെ വസതിയിൽ പൊതുദർശനത്തിന് വെച്ച മൃതദേഹം, തുടർന്ന് സ്വന്തം ഭവനമായ അത്യാലിലെ ശുശ്രൂഷകൾക്ക് ശേഷം ഏഴോലി ശാരോൺ ഫെല്ലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ (കര്യംപ്ലാവ്) രാവിലെ 11.30-ന് സംസ്കരിച്ചു. കഴിഞ്ഞ ഒമ്പത് വർഷമായി അബു അരിഷ് ആംഡ് ഫോഴ്‌സ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ഷേർളി. ഡേവിഡ് ജേക്കബ് - ശാന്ത ദമ്പതികളുടെ മകളാണ്. ജോബിൻ ആണ് ഭർത്താവ്. അബഹ ഹയാത്ത് ആശുപത്രിയിൽ നഴ്സായ ഷൈനി ഡേവിഡ് സഹോദരിയാണ്.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് കമ്യൂണിറ്റി വെൽഫെയർ അംഗങ്ങളുടെ നേതൃത്വത്തിലാണ് പൂർത്തിയാക്കിയത്. ജിസാൻ കെ.എം.സി.സി പ്രസിഡൻറ് ഷംസു പൂക്കോട്ടൂർ, ജനറൽ സെക്രട്ടറി ഖാലിദ് പട്ള, സിറാജ് പുല്ലൂരാംപാറ, ആശുപത്രി എച്ച്.ആർ വിഭാഗം മേധാവി ഡോ. മുഹമ്മദ്, ഡോ. നൗഷാദ് എന്നിവർ യാത്രാരേഖകൾ വേഗത്തിലാക്കാൻ നേതൃത്വം നൽകി.