പന്ത്രണ്ട് വർഷമായി നിയമക്കുരുക്കിൽപ്പെട്ട് നാട്ടിൽ പോകാൻ കഴിയാതിരുന്ന പ്രവാസി സൗദിയിൽ മരിച്ചു. പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. തമിഴ്‌നാട് സ്വദേശി അഴകിയ നായഗം ആണ് റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചത്. സാമൂഹിക പ്രവർത്തകരുടെയും ഇന്ത്യൻ എംബസിയുടെയും സഹായത്തോടെ മൃതദേഹം നാട്ടിലെത്തിച്ചു.
റിയാദ്: പന്ത്രണ്ട് വർഷത്തെ നീണ്ട പ്രവാസത്തിനൊടുവിൽ അഴകിയ നായഗം ജന്മനാട്ടിലേക്ക് മടങ്ങിയത് പെട്ടിയിലടച്ച ഒരു ഓർമ്മയായി. റിയാദിലെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരണപ്പെട്ട തമിഴ്‌നാട് കന്യാകുമാരി സ്വദേശി അഴകിയ നായഗത്തിെൻറ (45) മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ചു. റിയാദിലെ മുറിക്കുള്ളിൽ മരിച്ചുകിടന്ന ഇദ്ദേഹത്തിെൻറ വിവരം രണ്ടു ദിവസത്തിന് ശേഷമാണ് പുറംലോകം അറിഞ്ഞത്.
കഴിഞ്ഞ 12 വർഷമായി ഇദ്ദേഹത്തിന് നാട്ടിൽ പോകാൻ കഴിഞ്ഞിരുന്നില്ല. നജ്‌റാനിലെ കമ്പനിയിൽ നിന്നും മാറി റിയാദിൽ എത്തിയ ഇദ്ദേഹം, സ്പോൺസറുടെ പരാതിയെത്തുടർന്ന് (ഹുറൂബ്) വർഷങ്ങളായി നിയമക്കുരുക്കിലായിരുന്നു. ഇതാണ് നാട്ടിലേക്കുള്ള മടക്കം നീളാൻ കാരണമായത്. ഒടുവിൽ താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം വന്ന് മരണപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസെത്തി മൃതദേഹം ശുമൈസിയിലെ കിങ് സഊദ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. തിരുവനന്തപുരം ജില്ലാ പ്രവാസി കൂട്ടായ്മ (ട്രിവ) ഭാരവാഹിയും ഒ.ഐ.സി.സി പ്രവർത്തകനുമായ നാസർ കല്ലറ, മാത്യു ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമനടപടികൾ പൂർത്തിയാക്കിയത്. ഇന്ത്യൻ എംബസിയാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള പൂർണ്ണ ചെലവ് വഹിച്ചത്. ഷൈലജയാണ് ഭാര്യ. മക്കൾ: എ. പവിത്ര, കെ. രാജ, എ. നന്ദിനി ദേവി.


