നാല് ദിവസം മുമ്പ് കാണാതായ പ്രവാസി മലയാളിയെ വാദിയിൽ മരിച്ച നിലയിൽ കണ്ടെത്തി. 15 വർഷമായി സമാഇലിലെ ലിസൂക്കിൽ ഓട്ടോമൊബൈൽ മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു. വെള്ളിയാഴ്ച മുതൽ രാമഭദ്രനെ താമസസ്ഥലത്തുനിന്ന് കാണാതായിരുന്നു.
മസ്കറ്റ്: ഒമാനിലെ സമാഇലിൽ മലയാളിയെ വാദിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ചാത്തന്നൂർ മീനാട് നെടുങ്ങോലം കുഞ്ഞൻപിള്ള മന്ദിരത്തിൽ രാമഭദ്രൻ (56) ആണ് മരിച്ചത്. 15 വർഷമായി സമാഇലിലെ ലിസൂക്കിൽ ഓട്ടോമൊബൈൽ മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു. വെള്ളിയാഴ്ച മുതൽ രാമഭദ്രനെ താമസസ്ഥലത്തുനിന്ന് കാണാതായിരുന്നു.
തുടർന്ന് നടത്തിയ തെരച്ചിലിലാണ് സമാഇൽ സെന്‍ട്രൽ ജയിലിലേക്കുള്ള വഴിയിൽ വാദിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസമായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ഞായറാഴ്ചയാണ് പൊലീസിൽ പരാതി നൽകിയത്. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. വെള്ളിയാഴ്ച തന്നെ മരണം സംഭവിച്ചുണ്ടാകുമെന്നാണ് നിഗമനം. പരേതരായ പത്മനാഭപിള്ള, ചെല്ലമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ ബിന്ദു. മക്കള്‍: അഞ്ജന, അഖില്‍. മരണാനന്തര നടപടികൾ പുരോഗമിക്കുകയാണ്.


