ബുധനാഴ്ച രാത്രി 11ന് ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുക.

ദുബൈ: ദുബൈയില്‍ (Dubai) മരിച്ച വ്‌ലോഗറും (vlogger) ആല്‍ബം താരവുമായ റിഫ മെഹ്നുവിന്റെ (20) (Rifa Mehnu) മൃതദേഹം വ്യാഴാഴ്ച പുലര്‍ച്ചെ നാട്ടിലെത്തിക്കും. ബുധനാഴ്ച രാത്രി 11ന് ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുക.

ദുബൈ ജാഫിലിയയിലെ താമസസ്ഥലത്ത് ചൊവ്വാഴ്ചയാണ് റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയാണ്. ഭര്‍ത്താവ് മെഹ്നുവിനൊപ്പമായിരുന്നു താമസം. കഴിഞ്ഞ മാസമാണ് റിഫ ദുബൈയില്‍ എത്തിയത്. ഫാഷൻ, വ്യത്യസ്ത ഭക്ഷണങ്ങൾ സംസ്കാരങ്ങൾ എന്നിവയായിരുന്നു റിഫയുടെ വ്ളോ​ഗിലെ ഉള്ളടക്കങ്ങൾ. തിങ്കളാഴ്ച രാത്രി വരെ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.

Read Also : തലേന്ന് വരെ സോഷ്യല്‍ മീഡിയയില്‍ സജീവം; അവസാനം പോസ്റ്റ് ചെയ്ത വീഡിയോയില്‍ ചിരിച്ചുകൊണ്ട് റിഫ

സാമൂഹിക മാധ്യമങ്ങളില്‍ വളരെ ചെറിയ സമയം കൊണ്ടു തന്നെ റിഫ പ്രശസ്തി നേടിയിരുന്നു. വിവാഹശേഷം സോഷ്യല്‍ മീഡിയയില്‍ സജീവമായ റിഫ, മെഹ്നു ചാനല്‍ എന്ന പേരില്‍ വ്‌ലോഗിങ് ആരംഭിച്ചു. റിഫയ്‌ക്കൊപ്പം ഭര്‍ത്താവ് മെഹ്നുവും വ്‌ലോഗുകളിലെ സ്ഥിരസാന്നിധ്യമായിരുന്നു. സംഗീത ആല്‍ബങ്ങളിലും ഇരുവരും അഭിനയിച്ചിട്ടുണ്ട്. രണ്ട് മാസം മുമ്പാണ് ഭര്‍ത്താവിനും ഏക മകന്‍ ആസാന്‍ മെഹ്നുവിനൊപ്പം റിഫ സന്ദര്‍ശകവിസയില്‍ ദുബൈയിലെത്തിയത്. ശേഷം നാട്ടിലേക്ക് തിരിച്ചുപോയി.

Read Also: ഇന്‍സ്റ്റാഗ്രാമിലെ പരിചയം പ്രണയമായി; വിവാഹശേഷം സോഷ്യല്‍ മീഡിയയില്‍ സജീവം, കണ്ണീരായി റിഫ

പിന്നീട് മെഹ്നു മാത്രം യുഎഇയിലെത്തുകയായിരുന്നു. മകനെ നാട്ടിലാക്കിയ ശേഷം ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് റിഫയും ദുബൈയിലെത്തി. തിരികെ ദുബൈയിലെത്തിയ റിഫ സംഗീത ആല്‍ബം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു. തിങ്കളാഴ്ച രാത്രി ബുര്‍ജ് ഖലീഫയ്ക്ക് മുമ്പില്‍ മെഹ്നുവിനൊപ്പം നില്‍ക്കുന്ന വീഡിയോ റിഫ ഇന്‍സ്റ്റാഗ്രാമില്‍ സ്‌റ്റോറി പോസ്റ്റ് ചെയ്തിരുന്നു. ഏറെ സന്തോഷത്തോടെ ആ വീഡിയോയില്‍ കാണപ്പെട്ട റിഫയെ പിറ്റേന്ന് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

 റിഫയുടെ മരണത്തിന് പിന്നാലെ സൈബര്‍ വിദ്വേഷം;'ആങ്ങളമാരുടെ സദാചാരക്കുരു പൊട്ടിയൊലിച്ചെന്ന്' കുറിപ്പ്

തിരുവനന്തപുരം: മലയാളി വ്‌ലോഗറും ആല്‍ബം താരവുമായ റിഫ മെഹ്നുവിന്റെ (Rifa Mehnu) മരണവാര്‍ത്തയ്ക്ക് താഴെ സദാചാര സൈബര്‍ വിദ്വേഷം നടത്തുന്നെന്ന് ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് കുറിപ്പ് (facebook post). സാമൂഹിക മാധ്യമങ്ങളിലെ അനാവശ്യ ഇടപെടലുകളാണ് റിഫയുടെ മരണത്തിന് കാരണമായതെന്ന തരത്തിലുള്ള കമന്റുകള്‍ക്കെതിരെ ഡോക്ടര്‍ ഷിംന അസീസാണ് ഫേസ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തത്. 

'പെണ്ണായാല്‍ എന്ത് കോപ്രായം കാണിച്ചാലും സോഷ്യല്‍ മീഡിയയില്‍ റീച്ച് കിട്ടുമെന്നും ഇന്‍സ്റ്റയില്‍ തുള്ളുന്ന സകല മുസ്ലിം പെണ്ണുങ്ങള്‍ക്കും ഇതൊരു പാഠമാണെ'ന്നുമുള്ള കമന്റുകളുടെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെയാണ് ഷിംന അസീസിന്റെ ഫേസ്ബുക്ക് കുറിപ്പ്. 

'എല്ലാവർക്കും ഒരു പോലെ ഉപയോഗിക്കാനുള്ള സ്പേസ് ആണ് സോഷ്യല്‍ മീഡിയ. സ്വയം എവിടെയും എങ്ങുമെത്താത്ത ഫ്രസ്ട്രെഷന്‍ മരിച്ച് പോയ ഒരു കുഞ്ഞിനെ കുറിച്ച് തോന്നിവാസം പറഞ്ഞല്ല തീര്‍ക്കേണ്ടത്. മരണത്തെയെങ്കിലും ബഹുമാനിക്കാൻ പഠിക്കണം'- ഡോ. ഷിംന കുറിച്ചു. 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഒരു മലയാളി വ്ളോഗര്‍, ഇരുപത് വയസ്സുകാരി മുസ്ലിം പെണ്‍കുട്ടി ദുബൈയില്‍ മരിച്ചു എന്ന വാര്‍ത്തക്ക് കീഴില്‍ വന്ന ചില കമന്റുകള്‍ ആണ് താഴെ കാണുന്നത്. കുട്ടിയെ മരിച്ച നിലയില്‍ കാണുകയായിരുന്നു എന്ന് കണ്ടതോടെ ആങ്ങളമാരുടെ സദാചാരക്കുരു പൊട്ടിയൊലിച്ച്‌ എന്തൊക്കെയാണ് വിളിച്ച്‌ പറയുന്നത് !!

ശരിക്കും ഇവരുടെയൊക്കെ പ്രശ്നം എന്താണ്? ഒരു വേദിയില്‍ മൈക്ക്‌ കെട്ടി സംസാരിക്കുന്നത് പോലെയാണ് സോഷ്യല്‍ മീഡിയയില്‍ വലിയ വായിൽ കമൻ്റിടുന്നത് എന്ന് അറിയാഞ്ഞിട്ടാണോ? അതോ ഇത്രയും ഉളുപ്പില്ലാഞ്ഞിട്ടോ?

എല്ലാവർക്കും ഒരു പോലെ ഉപയോഗിക്കാനുള്ള സ്പേസ് ആണ് സോഷ്യല്‍ മീഡിയ. സ്വയം എവിടെയും എങ്ങുമെത്താത്ത ഫ്രസ്ട്രെഷന്‍ മരിച്ച് പോയ ഒരു കുഞ്ഞിനെ കുറിച്ച് തോന്നിവാസം പറഞ്ഞല്ല തീര്‍ക്കേണ്ടത്. മരണത്തെയെങ്കിലും ബഹുമാനിക്കാൻ പഠിക്കണം.

മനുഷ്യര്‍ എപ്പോ നന്നാവാനാണ് !!