നെസ്‌ലെയുടെ ബേബി ഫോര്‍മുല ഉൽപ്പന്നങ്ങളുടെ ചില ബാച്ചുകള്‍ വിപണിയിൽ നിന്ന് തിരിച്ചു വിളിക്കുന്നതായി യുഎഇ അധികൃതർ. ഈ ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ ഉപയോഗിച്ച അസംസ്‌കൃത വസ്തുക്കളിൽ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.
അബുദാബി: പ്രമുഖ കമ്പനിയായ നെസ്‌ലെയുടെ ബേബി ഫോര്‍മുല ഉൽപ്പന്നങ്ങളുടെ ചില ബാച്ചുകള്‍ യുഎഇ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്നാണ് നെസ്ലെയുടെ പരിമിതമായ ചില ഉൽപ്പന്നങ്ങള്‍ നിരോധിച്ചതെന്ന് എമിറേറ്റ്‌സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്‍റ് ബുധനാഴ്ച അറിയിച്ചത്. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് നിർദ്ദിഷ്ട ബാച്ചുകൾ വിപണിയിൽ നിന്ന് നീക്കം ചെയ്യുന്നത്.
തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ
താഴെ പറയുന്ന ബ്രാൻഡുകളുടെ ചില ബാച്ചുകളാണ് തിരിച്ചുവിളിച്ചിട്ടുള്ളത്:
നാൻ കംഫർട്ട് 1
നാൻ ഒപ്റ്റിപ്രോ 1
നാൻ സുപ്രീം പ്രോ 1, 2, 3
ഇസോമിൽ അൾട്ടിമ 1, 2, 3
അൽഫമിനോ
ഈ ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ ഉപയോഗിച്ച അസംസ്‌കൃത വസ്തുക്കളിൽ 'ബാസിലസ് സെറിയസ്' എന്ന ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ഇത് വിഷാംശം ഉൽപ്പാദിപ്പിക്കാൻ സാധ്യതയുള്ളതിനാലാണ് ഉപഭോക്താക്കളുടെ സുരക്ഷ മുൻനിർത്തി ഇവ ഒഴിവാക്കാൻ തീരുമാനിച്ചത്.
യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിലെ 37-ഓളം രാജ്യങ്ങളിൽ നെസ്‌ലെ ഈ ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചിട്ടുണ്ട്. ജിസിസി രാജ്യങ്ങളായ സൗദി അറേബ്യ, കുവൈത്ത്, ഖത്തർ എന്നിവിടങ്ങളിലും ഈ ഉൽപ്പന്നങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
യുഎഇയിലെ നിലവിലെ സാഹചര്യം
ഈ ബാച്ചുകൾ ഉപയോഗിച്ചതുമൂലം യുഎഇയിൽ ഇതുവരെ ആർക്കും ആരോഗ്യപ്രശ്നങ്ങളോ അസുഖങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. നെസ്‌ലെയുമായി സഹകരിച്ച് വിപണിയിൽ നിന്നും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിന്നും ഈ ബാച്ചുകൾ പൂർണ്ണമായും നീക്കം ചെയ്യാനുള്ള നടപടികൾ പൂർത്തിയായി വരികയാണ്. തിരിച്ചുവിളിച്ച നിർദ്ദിഷ്ട ബാച്ചുകൾ ഒഴികെയുള്ള നെസ്‌ലെയുടെ മറ്റ് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്ന് അതോറിറ്റി അറിയിച്ചു.


