കുവൈത്ത് സിറ്റി: കുവൈത്തില്‍ ആശങ്ക വര്‍ദ്ധിപ്പിച്ച് കൊവിഡ് -19 വൈറസ് ബാധിതരുടെ എണ്ണം ഉയരുകയാണ്. കഴിഞ്ഞ ദിവസം ഇരുപത് പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം നൂറായിരുന്നു. ഈ സാഹചര്യത്തില്‍ പള്ളികളിലെ സംഘടിത നമസ്‍കാരം ഉള്‍പ്പെടെ ഒഴിവാക്കിക്കൊണ്ട് കര്‍ശന നിയന്ത്രണങ്ങളാണ് കുവൈത്ത് ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്.

പള്ളികളിലെ ജുംഅ നമസ്‍കാരവും മറ്റ് സമയങ്ങളിലെ നമസ്‍കാരവും നിര്‍ത്തിവെയ്ക്കാന്‍ ഔഖാഫ് മന്ത്രാലയമാണ് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയത്. പകരം വീടുകളില്‍ നമസ്‍കരിക്കണമെന്നാണ് അറിയിപ്പ്. ഈ സാഹചര്യത്തില്‍ പള്ളികളില്‍ നിന്നുള്ള ബാങ്ക് വിളിയില്‍ മാറ്റം വരുത്തിയതായുള്ള വീഡിയോ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു.

ബാങ്കിന്റെ വചനങ്ങളില്‍ 'നമസ്‍കാരത്തിലേക്ക് വരൂ' എന്ന് വിശ്വാസി ക്ഷണിക്കുന്ന ഭാഗം ഒഴിവാക്കി പകരം 'വീടുകളില്‍ നമസ്‍കരിക്കൂ' എന്ന ആഹ്വാനമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നബിചര്യ അനുസരിച്ചാണ് ഇങ്ങനെ മാറ്റം വരുത്തുന്നതെന്ന് വിശ്വാസികള്‍ പറയുന്നു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പള്ളികളില്‍ നമസ്‍കാരമുണ്ടാകില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.