രാജ്യത്തെ 360 മസ്ജിദുകള്‍ക്കാണ് വെള്ളിയാഴ്ച പ്രാര്‍ത്ഥന നടത്താന്‍ ഔഖാഫ് മതകാര്യ മന്ത്രാലയം അനുമതി നല്‍കിയത്. ഈ മസ്ജിദുകളുടെ പേരു വിവരങ്ങള്‍ മന്ത്രാലയം പുറത്തുവിട്ടിരുന്നു.

മസ്‌കറ്റ്: നീണ്ട ഇടവേളയ്ക്ക് ശേഷം വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്കായി ഒമാനില്‍ മസ്ജിദുകള്‍ തുറന്നു. കര്‍ശന കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് പ്രാര്‍ത്ഥനകള്‍ പുനരാരംഭിച്ചത്. 

രാജ്യത്തെ 360 മസ്ജിദുകള്‍ക്കാണ് വെള്ളിയാഴ്ച പ്രാര്‍ത്ഥന നടത്താന്‍ ഔഖാഫ് മതകാര്യ മന്ത്രാലയം അനുമതി നല്‍കിയത്. ഈ മസ്ജിദുകളുടെ പേരു വിവരങ്ങള്‍ മന്ത്രാലയം പുറത്തുവിട്ടിരുന്നു. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കാണ് പ്രവേശനാനുമതിയ നല്‍കിയിട്ടുള്ളത്. ഇവര്‍ വാക്‌സിന്‍ സ്വീകരിച്ചതിന്റെ രേഖകള്‍ പ്രവേശന കവാടത്തില്‍ ഹാജരാക്കണമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. മസ്ജിദുകള്‍ 50 ശതമാനം ശേഷിയിലാണ് ആളുകളെ പ്രവേശിപ്പിക്കുന്നത്. ഇതിന് പുറമെ നിര്‍ബന്ധമായും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണമെന്ന് മന്ത്രാലയം വ്യക്തമാക്കിയിരുന്നു. 

പ്രാര്‍ത്ഥനയ്ക്ക് ആവശ്യമുള്ള പായകളും വിശ്വാസികള്‍ കൊണ്ടുവരണം. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതലാണ് കൊവിഡിനെ തുടര്‍ന്ന് മസ്ജിദുകള്‍ അടച്ചത്. പിന്നീട് നവംബറില്‍ കര്‍ശന നിയന്ത്രണങ്ങളോട് പള്ളികള്‍ തുറന്നു. അഞ്ച് നേരത്തെ പ്രാര്‍ത്ഥനകള്‍ക്ക് മാത്രമാണ് അനുമതി നല്‍കിയിരുന്നത്. വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്ക് അനുവാദമില്ലായിരുന്നു. ഒമാനില്‍ കൊവിഡ് കേസുകള്‍ ക്രമാനുഗതമായി കുറഞ്ഞതോടെയാണ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് തന്നെ വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്കായി മസ്ജിദുകള്‍ തുറക്കാന്‍ അനുമതി നല്‍കിയത്.