ദുബായ്: ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ഏറ്റവുമധികം ജീവിത ചെലവുള്ള നഗരങ്ങളുടെ പട്ടിക പുറത്ത്. ഇസിഎ ഇന്റര്‍ നാഷണന്റെ ഈ വര്‍ഷത്തെ കണക്കനുസരിച്ച് പൊതുവെ ഗള്‍ഫ് രാജ്യങ്ങളിലെല്ലാം  വിദേശികള്‍ക്ക്  ചെലവ് കൂടിയിട്ടുണ്ട്. ഇവയില്‍ തന്നെ ദുബായിയും അബുദാബിയുമാണ് വിദേശികളെ സംബന്ധിച്ചിടത്തോളം ജീവിക്കാന്‍ ഏറ്റവുമധികം പണം ചെലവഴിക്കേണ്ട  നഗരങ്ങള്‍.

ലോകത്തിലെ പ്രധാന നഗരങ്ങളെ ജീവിത ചെലവിന്റെ അടിസ്ഥാനത്തില്‍ ക്രമീകരിക്കുമ്പോള്‍ അതില്‍ തന്നെ ആദ്യ 50നുള്ളിലാണ് ദുബായിയുടെയും അബുദാബിയുടെയും സ്ഥാനം. ഈ പട്ടികയില്‍ നേരത്തെ 49-ാം സ്ഥാനത്തുണ്ടായിരുന്ന ദുബായ് 39-ാം സ്ഥാനത്തും 54-ാം സ്ഥാനത്തുണ്ടായിരുന്ന അബുദാബി 40-ാം സ്ഥാനത്തുമാണ് ഈ വര്‍ഷം. തൊട്ടുപിന്നില്‍ ദോഹ, മനാമ, മസ്‍കത്ത്, റിയാദ്, കുവൈത്ത് സിറ്റി, ജിദ്ദ എന്നീ നഗരങ്ങളാണ് വിദേശികള്‍ക്ക് ഏറ്റവും ചെലവേറിയത്. പുതിയ പട്ടികയില്‍  ജിസിസി രാജ്യങ്ങളിലെ നഗരങ്ങളെല്ലാം ശരാശരി 18 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. ഡോളറിനെതിരെ അറബ് കറന്‍സികള്‍ മെച്ചപ്പെട്ട മൂല്യം കൈവരിച്ചതും വിദേശ സഞ്ചാരികള്‍ക്ക് ജീവിത ചെലവ് കൂടാനുള്ള പ്രധാനകാരണമാണ്.