അബുദാബി: അപ്രതീക്ഷിതമായി വിമാനം വൈകുന്നതും റദ്ദാക്കപ്പെടുന്നതും യാത്രക്കാര്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. യാത്രയ്ക്ക് തയ്യാറായി വിമാനത്താവളങ്ങളിലെത്തി മണിക്കൂറുകള്‍ കാത്തിരിക്കേണ്ടി വന്നിട്ടുള്ളതും വിദേശരാജ്യങ്ങളില്‍ വരെ കുടുങ്ങിപ്പോയതിന്റെയും അനുഭവങ്ങള്‍ നിരവധി പ്രവാസികള്‍ക്കുണ്ടാവും. സ്ഥിരമായി വൈകിപ്പറക്കുന്നതിന്റെ പേരില്‍ യാത്രക്കാര്‍ക്കിടയില്‍ കുപ്രസിദ്ധിയാര്‍ജിച്ച കമ്പനികളുമുണ്ട്. 

എന്നാല്‍ മദ്ധ്യപൂര്‍വദേശത്ത് സര്‍വീസുകളില്‍ ഏറ്റവും സമയകൃത്യത പാലിക്കുന്നത് ഇത്തിഹാദ് എയര്‍വേയ്‍സാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. 2019ലെ ആദ്യ ഏഴ് മാസത്തെ വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തി ഏവിയേഷന്‍ ഡേറ്റാ കമ്പനിയായ ഒഎജിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇക്കാലയളവില്‍ 80 ശതമാനത്തിലധികം സര്‍വീസുകളിലും ഇത്തിഹാദ് വിമാനങ്ങള്‍ കൃത്യസമയത്തുതന്നെ പറന്നതായാണ് രേഖകള്‍. ജൂലൈയിലെ കണക്കനുസരിച്ച് അന്താരാഷ്ട്ര തലത്തില്‍ കൃത്യനിഷ്ഠയുടെ കാര്യത്തില്‍ ഇത്തിഹാദിന് 24-ാം സ്ഥാനമാണുള്ളത്. ഉന്നത ഗുണനിലവാരം ഉറപ്പാക്കിയുള്ള സേവനങ്ങളിലൂടെ യാത്രക്കാര്‍ക്ക് പ്രിയങ്കരമായി മാറിയ എയര്‍ലൈനാണ് ഇത്തിഹാദെന്ന് വൈസ് പ്രസിഡന്റ് ജോണ്‍ റൈറ്റ് പറഞ്ഞു.

കൃത്യനിഷ്ഠയുടെ കാര്യത്തില്‍ ലോകത്തെ മുഴുവന്‍ വിമാനക്കമ്പനികളെയും ഉള്‍പ്പെടുത്തി തയ്യാറാക്കിയ പട്ടികയില്‍ ആദ്യ 50നുള്ളില്‍ ഗള്‍ഫ് മേഖലയില്‍ നിന്നുള്ള അഞ്ച് കമ്പനികളുണ്ട്. ഗള്‍ഫ് മേഖലയിലെ ശരാശരിയേക്കാള്‍ ജൂലൈയില്‍ ഇത്തിഹാദ് 10 ശതമാനം മുകളിലായിരുന്നു.