ഫുജൈറ: വീടിന് തീപിടിച്ച് ഏഴ് കുട്ടികള്‍ മരിച്ച സംഭവത്തില്‍ അമ്മയ്ക്കെതിരെ വിചാരണ തുടങ്ങി. രണ്ട് വര്‍ഷം മുന്‍പ് നടന്ന സംഭവത്തിലാണ് ഫുജൈറ കോടതിയില്‍ വിചാരണ നടക്കുന്നത്. വീട്ടിലെ മുറി പൂട്ടിയിരുന്നത് കാരണം പുറത്തിറങ്ങാനാവാതെ കുട്ടികള്‍ പുകശ്വസിച്ചും ശ്വാസംമുട്ടിയും മരിക്കുകയായിരുന്നുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

പുലര്‍ച്ചെ 4.50നാണ് വീടിന് തീപിടിച്ചത്. നാല് പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളും ഈ സമയത്ത് വീടിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്നു. കുട്ടികള്‍ കിടന്നിരുന്ന മുറി അമ്മ പൂട്ടിയിരുന്നതിനാല്‍ ഇവര്‍ക്ക് രക്ഷപെടാന്‍ കഴി‍ഞ്ഞില്ല. കനത്ത പുക മുറിക്കുള്ളില്‍ നിറഞ്ഞപ്പോള്‍ ഉറക്കത്തില്‍ നിന്ന് ഉണര്‍ന്ന കുട്ടികള്‍ വീടിന് പുറത്തേക്കിറങ്ങാന്‍ ശ്രമിച്ചെങ്കിലും വാതില്‍ തുറക്കാനായില്ല. മുറിക്കുള്ളില്‍ അകപ്പെട്ടുപോയ കുട്ടികള്‍ ശ്വാസം മുട്ടി മരിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ വീടിനുള്ളില്‍ കടന്ന് കുട്ടികളെ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും അപ്പോഴേക്കും ഏഴ് പേരുടെയും മരണം സംഭവിച്ചിരുന്നു.

അഞ്ചിനും 15നും ഇടയില്‍ പ്രായമുള്ളവരായിരുന്നു മരിച്ച കുട്ടികളെല്ലാം. സംഭവത്തെത്തുടര്‍ന്ന് എല്ലാ വീടുകളിലും സ്മോക്ക് സെന്‍സറുകള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് ബോധവത്കരിക്കാന്‍ യുഎഇയില്‍ ക്യാമ്പയിനുകളും നടന്നിരുന്നു. കേസില്‍ അമ്മയ്ക്കെതിരെ ബോധപൂര്‍വമല്ലാത്ത നരഹത്യാ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. നവംബര്‍ 18ന് കോടതി വിധി പറയും