രണ്ടാഴ്ച മുമ്പ് വീടിനുസമീപത്തെ സൂപ്പർ മാർക്കറ്റിലേക്ക് സാധനങ്ങൾ വാങ്ങാൻ, രാവിലെ ഒമ്പതിന് വീട്ടിൽ നിന്ന് പുറത്തുപോയ മകൾ പിന്നീട് തിരിച്ചു വരാതിരിക്കുകയായിരുന്നെന്ന് സ്വീതയുടെ മാതാവ് പറഞ്ഞു. 

റിയാദ്: സൗദി തലസ്ഥാന നഗരമായ റിയാദിൽനിന്ന് 100 കിലോമീറ്റർ അകലെ അൽഖർജിലെ അൽസാഹിർ ഡിസ്ട്രിക്ടിൽനിന്ന് രണ്ടാഴ്ച മുമ്പ് ദുരൂഹ സാഹചര്യത്തിൽ കാണാതായ സൗദി പെൺകുട്ടി, സ്വീത അൽ അജ്മിയെ കണ്ടെത്താൻ സോഷ്യൽ മീഡിയയുടെ സഹായം തേടി മാതാവ്. മകളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് അമ്മ പാരിതോഷികം പ്രഖ്യാപിച്ചു. 

പതിനഞ്ചുകാരിയുടെ ഫോട്ടോകൾ പങ്കുവെച്ച അമ്മ, സോഷ്യൽ മീഡിയ ഉപയോക്താക്കൾ പെൺകുട്ടിക്കുവേണ്ടി അന്വേഷണം നടത്തണമെന്ന് അഭ്യര്‍ത്ഥിച്ചു. രണ്ടാഴ്ച മുമ്പ് വീടിനുസമീപത്തെ സൂപ്പർ മാർക്കറ്റിലേക്ക് സാധനങ്ങൾ വാങ്ങാൻ, രാവിലെ ഒമ്പത് മണിയോടെ വീട്ടിൽ നിന്ന് പുറത്തുപോയ മകൾ പിന്നീട് തിരിച്ചു വരാതിരിക്കുകയായിരുന്നെന്ന് സ്വീതയുടെ മാതാവ് പറഞ്ഞു. മകളെ കാണാതായതായി അന്നേദിവസം തന്നെ തങ്ങൾ ബന്ധപ്പെട്ട വകുപ്പുകളെ അറിയിച്ചു. മകൾക്ക് യാതൊരുവിധ ആരോഗ്യ, മാനസിക പ്രശ്‌നങ്ങളുമില്ല.

മകൾ പഠിക്കുന്ന സ്‌കൂളിലെ സഹപാഠികളുമായി ആശയവിനിയമം നടത്തി വിവരങ്ങൾ ആരായാൻ താൻ ശ്രമിച്ചെങ്കിലും സ്‌കൂൾ അധികൃതർ അനുവദിച്ചില്ല. സ്വീതയുടെ പിതാവുമായി അമ്മ നേരത്തെ വിവാഹബന്ധം വേർപ്പെടുത്തിയിരുന്നു. പിതാവുമായും താൻ ആശയവിനിമയം നടത്തിയെന്നും മുൻ ഭർത്താവിന്റെ അടുത്തും മകൾ എത്തിയിരുന്നില്ലെന്നും അമ്മ പറയുന്നു. 

മകളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുമെന്നും അമ്മ പറഞ്ഞു. മകളുടെ ഫോട്ടോ അമ്മ തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ട് എല്ലാവരോടും പ്രചരിപ്പിക്കാനും മകൾക്കു വേണ്ടി അന്വേഷണം നടത്താനും ആവശ്യപ്പെട്ടത്. വിവാഹ മോചിതയായ തനിക്ക് ഈ മകൾ മാത്രമാണുള്ളതെന്നും എല്ലാവരുടെയും സഹായത്തിന് കേണപേക്ഷിച്ച് സ്വീത അൽ അജ്മിയുടെ അമ്മ പറഞ്ഞു. 

Read also: ലഗേജില്‍ ഒളിപ്പിച്ച രാസവസ്‍തു വിമാനത്തില്‍ പൊട്ടിയൊഴുകി; പ്രവാസിക്ക് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ