Asianet News MalayalamAsianet News Malayalam

'എന്‍റെ കുട്ടീനെ ഒന്നെന്‍റെ കണ്ണിന്‍റെ മുന്നിൽ എത്തിച്ചു തര്വോ?' കണ്ണീരോടെ ഫാത്തിമ, ഒരു മാസം, വേണ്ടത് 34 കോടി

കോടമ്പുഴയില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ പണം സ്വരൂപിക്കാന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഇതുവരെ ഒരു കോടിയോളം രൂപയേ സ്വരൂപിക്കാനായിട്ടുള്ളൂ. എത്രയും പെട്ടെന്ന് പണം നല്‍കിയില്ലെങ്കില്‍ മോചനം ബുദ്ധിമുട്ടിലാകും

mother waiting for son 18 years need 34 crore rupees to release him from saudi jail help desk formed SSM
Author
First Published Mar 21, 2024, 11:05 AM IST

കോഴിക്കോട്: കോടമ്പുഴയിലെ ഫാത്തിമ എന്ന എഴുപത്തിനാലുകാരി 18 വര്‍ഷമായി മകന്‍റെ ജയില്‍ മോചനത്തിനായി കണ്ണീരോടെ കാത്തിരിക്കുകയാണ്. കയ്യബദ്ധത്തില്‍ കൊലക്കേസില്‍ പ്രതിയായി സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന മകനെ തിരിച്ച് കിട്ടണമെങ്കില്‍ 34 കോടിയോളം രൂപ ഈ ഉമ്മയ്ക്ക് ആവശ്യമുണ്ട്. സുമനസുകളിലാണ് പ്രതീക്ഷ.

കോടമ്പുഴയിലെ മച്ചിലകത്ത് അബ്ദുള്‍ റഹീം കഷ്ടപ്പാടില്‍ നിന്നൊരു മോചനത്തിന് സൗദി അറേബ്യയിലെത്തിയത് 18 വര്‍ഷം മുന്‍പാണ്. സൗദി പൗരന്‍റെ വീട്ടിലെ ഡ്രൈവറായും അവരുടെ രോഗിയായ മകനെ പരിചരിച്ചും ജോലി ചെയ്യുന്നതിനിടെയാണ് ദുരന്തം കൈയ്യബദ്ധത്തിന്‍റെ രൂപത്തില്‍ റഹീമിന്‍റെ ജീവിതം മാറ്റി മറിച്ചത്. തലയ്ക്ക് താഴെ ചലന ശേഷി നഷ്ടപ്പെട്ട കുട്ടിയെ പരിചരിക്കലായിരുന്നു പ്രധാന ജോലി. കുട്ടിക്ക് ഭക്ഷണവും വെള്ളവുമുള്‍പ്പെടെ നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച പ്രത്യേക ഉപകരണം വഴിയായിരുന്നു. കുട്ടിയെ ഇടയ്ക്ക് പുറത്ത് കൊണ്ടുപോകേണ്ട ചുമതലയും റഹീമിനായിരുന്നു. 2006 ഡിസംബര്‍ 24നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. കാറില്‍ കൊണ്ടുപോകുന്നതിനിടയില്‍ അബ്ദുല്‍ റഹീമിന്റെ കൈ അബദ്ധത്തില്‍ കുട്ടിയുടെ കഴുത്തില്‍ ഘടിപ്പിച്ച ഉപകരണത്തില്‍ തട്ടിപ്പോവുകയായിരുന്നു. ബോധരഹിതനായ കുട്ടി പിന്നീട് മരിച്ചു.

പിന്നാലെ അബ്ദുൽ റഹീം ജയിലിലായി. വിചാരണക്കൊടുവില്‍ വധശിക്ഷ. ഒരുപാട് ഇടപെടലിന് ശേഷം കൊല്ലപ്പെട്ട കുട്ടിയുടെ ഉമ്മ അബ്ദുള്‍ റഹീമിന് മാപ്പ് നല്‍കി. എന്നാല്‍ മാപ്പ് അനുവദിക്കാന്‍ അവര്‍ ആവശ്യപ്പെടുന്നത് 34 കോടിയോളം രൂപയാണ്. എങ്ങനെ ഇത്രയും വലിയ തുക കണ്ടെത്തുമെന്ന ആശങ്കയിലാണ് അബ്ദുള്‍ റഹീമിന്‍റെ കുടുംബം. 

'നിങ്ങളെല്ലാവരും ശ്രമിച്ച് എന്‍റെ കുട്ടീനെ ഒന്നു എന്‍റെ കണ്ണിന്‍റെ മുന്നിലേക്ക് എത്തിച്ചു തരുമോ. സഹിക്കാൻ കഴിയുന്നില്ല എനിക്ക്' എന്നാണ് അബ്ദുൽ റഹീമിന്‍റെ ഉമ്മ ഫാത്തിമ കണ്ണീരോടെ പറയുന്നത്. 

കോടമ്പുഴയില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ പണം സ്വരൂപിക്കാന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഇതുവരെ ഒരു കോടിയോളം രൂപയേ സ്വരൂപിക്കാനായിട്ടുള്ളൂ. എത്രയും പെട്ടെന്ന് പണം നല്‍കിയില്ലെങ്കില്‍ ജയില്‍ മോചനം ബുദ്ധിമുട്ടിലാകും. നാട്ടില്‍ ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെ ഇരുപത്തിനാലാം വയസ്സിലാണ് അബ്ദുള്‍ റഹീം സൗദിയിലെത്തിയത്. ഒരു മാസം പോലും അവിടെ ജോലി ചെയ്യാനായില്ല. അതിനിടെ തന്നെ കേസില്‍ ഉള്‍പ്പെട്ട് ജയിലിലായി. സുമനസുകളുടെ കാരുണ്യത്താല്‍ സൗദി കുടുംബത്തിന് നല്‍കേണ്ട തുക കണ്ടെത്തി എത്രയും പെട്ടെന്ന് അബ്ദുള്‍ റഹീമിനെ മോചിപ്പിക്കണമെന്നാണ് ഈ ഗ്രാമത്തിന്‍റെ ആവശ്യം. 

Follow Us:
Download App:
  • android
  • ios