മനാമ: രാജ്യത്ത് പുകയില കൃഷിയും പുകയില ഉത്പാദനവും അനുവദിക്കണമെന്ന ആവശ്യവുമായി ബഹ്റൈനിലെ ഒരുവിഭാഗം എം.പിമാര്‍. വേനലവധിക്ക് ശേഷം പാര്‍ലമെന്റ് സമ്മേളിക്കുമ്പോള്‍ നിര്‍ദേശത്തിന്മേല്‍ വോട്ടെടുപ്പ് നടക്കുമെന്നാണ് സൂചന. പുകയിലയ്ക്കൊപ്പം ഇ-സിഗിരറ്റുകളില്‍ ഉപയോഗിക്കുന്ന ലിക്വിഡ് ഉള്‍പ്പെടെയുള്ളവയുടെ വ്യാവസായിക ഉത്പാദനവും നിയമവിധേയമാക്കണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു. ആവശ്യത്തോട് അനുകൂലമായ പ്രതികരണമാണ് സര്‍ക്കാറിനുമുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുകയിലകൃഷി അനുവദിക്കണമെന്ന നിര്‍ദേശത്തെ ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയവും പിന്തുണച്ചിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി മന്ത്രാലയം ഈ മാസമാദ്യം പാര്‍ലമെന്റിന് കത്തുനല്‍കി. എം.പിമാരുടെ നിര്‍ദേശങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതിനുള്ള പാര്‍ലമെന്ററി കമ്മിറ്റിക്ക് എന്നാല്‍ അനുകൂല അഭിപ്രായമല്ല ഉള്ളത്. അതേസമയം പുകയില ഉള്‍പ്പെടെ ആരോഗ്യത്തിന് ഹാനികരമായ പദാര്‍ത്ഥങ്ങളുടെ കാര്യത്തില്‍ ഇപ്പോള്‍ തുടരുന്ന കര്‍ശന നിലപാട് മയപ്പെടുത്തുമെന്നല്ല പുതിയ നിര്‍ദേശത്തിന്റെ അര്‍ത്ഥമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

ആരോഗ്യ മന്ത്രാലയത്തിന്റെ കര്‍ശന മേല്‍നോട്ടത്തില്‍, സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കാമെന്നാണ് അധികൃതരുടെ നിര്‍ദേശം. സാങ്കേതിക പരിശോധനയ്ക്കും മന്ത്രിസഭയുടെ അംഗീകാരത്തിനും വിധേയമായിട്ടല്ലാതെ അനുമതി നല്‍കില്ല. ഒപ്പം നിയമപ്രകാരമുള്ള കര്‍ശന സമീപനത്തിലൂടെ പുകയിലയുടെ ഉപയോഗം നിയന്ത്രിക്കുന്ന നടപടികള്‍ തുടരുകയും ചെയ്യും. പുകയില ഉപയോഗം സംബന്ധിച്ചുള്ള 2009ലെ നിയമം ഭേദഗതി ചെയ്താല്‍ മാത്രമേ അവയുടെ ഉത്പാദനവും വിതരണവും കയറ്റുമതിയും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സാധ്യമാവുകയുള്ളൂ.

ബഹ്റൈനിലെ പരിമിതമായ കൃഷിഭൂമി പുകയില കൃഷിക്ക് ഉപയോഗിക്കപ്പെടുന്നത്, ഭക്ഷ്യസുരക്ഷ തകിടംമറിയാന്‍ കാരണമാകുമെന്ന് പാര്‍ലമെന്റ് സര്‍വീസസ് കമ്മിറ്റി ഉപാധ്യക്ഷന്‍ എം.പി മംദൂഹ് അല്‍ സലീഹ് അഭിപ്രായപ്പെട്ടു. പുകയില കൃഷി അനുവദിക്കപ്പെട്ടാല്‍ തന്നെ അവ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കാനും കഞ്ചാവ് കൃഷി നടക്കുന്നില്ലെന്ന് ഉറപ്പാക്കാനും ആരോഗ്യ മന്ത്രാലയത്തിന് സാധിക്കുമോയെന്നും അദ്ദേഹം സംശയം പ്രകടിപ്പിക്കുന്നു. ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരോടുള്‍പ്പെടെ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തണമെന്നാണ് ആവശ്യം.

എന്നാല്‍ പുകയില കൃഷിയുടെ വ്യാവസായിക സാധ്യതകളാണ് ആവശ്യത്തെ പിന്തുണയ്ക്കുന്ന എം.പിമാര്‍ ഉയര്‍ത്തിക്കാണിക്കുന്നത്. ഇപ്പോള്‍ തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് രാജ്യത്ത് പുകയില ഇറക്കുമതി ചെയ്യുന്നുണ്ട്. പുകയിലയ്ക്ക് നിരോധനമില്ലാത്തതുകൊണ്ടുതന്നെ അവയുടെ ഉത്പാദനം വലിയ വിവാദമാക്കേണ്ടതുമില്ല. രാജ്യത്തുതന്നെ ഉത്പാദനം തുടങ്ങിയാല്‍ ആരോഗ്യമന്ത്രാലയത്തിന് കൂടുതല്‍ കൃത്യമായ പരിശോധനകള്‍ നടത്താനാവും. ഒപ്പം ആയിരക്കരണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.