Asianet News MalayalamAsianet News Malayalam

ഇറാനില്‍ ഭൂചലനം; യുഎഇയില്‍ രണ്ട് തവണ ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു

യുഎഇയില്‍ പല സ്ഥലങ്ങളിലും പരിഭ്രാന്തരായ ജനങ്ങള്‍ താമസ സ്ഥലങ്ങളില്‍ നിന്ന് പുറത്തിറങ്ങി തുറസായ സ്ഥലങ്ങളില്‍ ഏറെ നേരം ചെലവഴിച്ചു. ഫര്‍ണിച്ചറുകളുടെയും മറ്റും കുലുക്കം കേട്ട് ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നതായും ചിലര്‍ പറഞ്ഞു. 

multiple earthquakes hit Iran and UAE residents report strong tremors on saturday
Author
Abu Dhabi - United Arab Emirates, First Published Jul 2, 2022, 9:21 AM IST

അബുദാബി: ഇറാനില്‍ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ഭൂചലനങ്ങളുടെ പ്രകമ്പനം യുഎഇയില്‍ അനുഭവപ്പെട്ടു. പുലര്‍ച്ചെ രണ്ട് തവണ ഭൂചലനമുണ്ടായതായി യുഎഇയില്‍ നിന്നുള്ള നിരവധിപ്പേര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. യുഎഇയില്‍ ദുബൈ, ഷാര്‍ജ, അബുദാബി, റാസല്‍ഖൈമ എന്നിവിടിങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടതായി ഇവിടങ്ങളില്‍ നിന്നുള്ള താമസക്കാര്‍ പറഞ്ഞു.

യുഎഇയില്‍ പല സ്ഥലങ്ങളിലും പരിഭ്രാന്തരായ ജനങ്ങള്‍ താമസ സ്ഥലങ്ങളില്‍ നിന്ന് പുറത്തിറങ്ങി തുറസായ സ്ഥലങ്ങളില്‍ ഏറെ നേരം ചെലവഴിച്ചു. ഫര്‍ണിച്ചറുകളുടെയും മറ്റും കുലുക്കം കേട്ട് ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നതായും ചിലര്‍ പറഞ്ഞു. ഏതാനും സെക്കന്റുകള്‍ മാത്രമേ പ്രകമ്പനം നീണ്ടുനിന്നുള്ളൂ എന്ന് പലരും വിവരിച്ചപ്പോള്‍ അഞ്ച് മിനിറ്റോളം അതിന്റെ ആഘാതമുണ്ടായിരുന്നെന്ന് ചിലര്‍ ട്വിറ്ററില്‍ കുറിച്ചു.
 

ശനിയാഴ്ച പുലര്‍ച്ചെയ്ക്ക് ശേഷം അഞ്ച് തവണയാണ് ദക്ഷിണ ഇറാനില്‍ ഭൂചലനമുണ്ടായത്. 4.3 മുതല്‍ 6.3 വരെയായിരുന്നു ഇവയുടെ തീവ്രത. ഇവയില്‍ പുലര്‍ച്ചെ 1.32നും 3.24നും അനുഭവപ്പെട്ട രണ്ട് ഭൂചലനങ്ങള്‍ 6.3 തീവ്രതയുള്ളതായിരുന്നുവെന്ന് യുഎഇയുടെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. യുഎഇയില്‍ പ്രകമ്പനം അനുഭവപ്പെട്ടത് ഈ രണ്ട് ഭൂചലനങ്ങളിലാണെന്നാണ് വിലയിരുത്തല്‍. യുഎഇയില്‍ എവിടെയും മറ്റ് നാശനഷ്‍ടങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ല. യുഎഇക്ക് പുറമെ ബഹ്റൈന്‍, സൗദി അറേബ്യ, ഒമാന്‍, പാകിസ്ഥാന്‍, ഖത്തര്‍, അഫ്‍ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായാണ് അമേരിക്കന്‍ ജിയോളജിക്കല്‍ ഏജന്‍സി അറിയിച്ചിരിക്കുന്നത്.
 

അതേസമയം ഇറാനില്‍ അഞ്ച് പേരോളം ഭൂചലനത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. 12 പേരെ പരിക്കുകളോടെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണെന്നും മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും എണ്ണം ഉയരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. 

Follow Us:
Download App:
  • android
  • ios