കാറിനുള്ളില്‍ മകള്‍ക്കൊപ്പം ഇരിക്കുന്നതിനിടെ പ്രതി കുവൈത്തി സ്ത്രീക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. നിരവധി വെടിയുണ്ടകള്‍ കാറിന്റെ വിന്‍ഡ്ഷീല്‍ഡ് തുളച്ച് കയറിയതിന്റെ പാടുകള്‍ പരിശോധനയില്‍ കണ്ടെത്തി.

കുവൈത്ത് സിറ്റി: അറുപത്തിയെട്ടുകാരിയായ കുവൈത്തി സ്ത്രീയെ കാറിനുള്ളില്‍ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. കൊല്ലപ്പെട്ട സ്ത്രീയുടെ മരുമകനാണ് പ്രതിയെന്നാണ് വിവരം. കൊലപാതകം നടന്ന് 15 മണിക്കൂറിനകം തന്നെ കേണല്‍ ഒമര്‍ അല്‍ റഷീദിന്റെ നേതൃത്വത്തില്‍ അഹ്മദി ഗവര്‍ണറേറ്റിലെ റിസര്‍ച്ച് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതിയെ അറസ്റ്റ് ചെയ്തു.

 റൈഫിള്‍ ഉപയോഗിച്ചാണ് പ്രതി കൊലപാതകം നടത്തിയത്. കാറിനുള്ളില്‍ മകള്‍ക്കൊപ്പം(പ്രതിയുടെ ഭാര്യ) ഇരിക്കുന്നതിനിടെ പ്രതി കുവൈത്തി സ്ത്രീക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. നിരവധി വെടിയുണ്ടകള്‍ കാറിന്റെ വിന്‍ഡ്ഷീല്‍ഡ് തുളച്ച് കയറിയതിന്റെ പാടുകള്‍ പരിശോധനയില്‍ കണ്ടെത്തി. കൊലപാതകത്തിന് ശേഷം വഫ്ര മരുഭൂമിയിലേക്ക് രക്ഷപ്പെട്ട പ്രതിയെ പിന്നീട് അന്വേഷണ ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു. കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതി മൊഴി നല്‍കിയത്. വര്‍ഷങ്ങളായി തോക്ക് തന്റെ കൈവശം ഉണ്ടെന്നും പ്രതി വെളിപ്പെടുത്തി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona