Asianet News MalayalamAsianet News Malayalam

നൂര്‍സാനെ കുത്തിക്കൊന്നത് സഹോദരന്‍; സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഇരമ്പിയ കൊലക്കേസില്‍ അറസ്റ്റ്

വളരെ ചെറുപ്പത്തില്‍ തന്നെ നൂര്‍സാനെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ വിവാഹ മോചനം നേടി. അതിന് ശേഷം അടുത്തിടെ പുനര്‍ വിവാഹം നടത്താന്‍ ശ്രമിച്ചെങ്കിലും നൂര്‍സാന്‍ ഇതിനെ എതിര്‍ക്കുകയായിരുന്നു.

murderer of Nourzan Al Shammari arrested in iraq
Author
Baghdad, First Published Aug 29, 2021, 3:52 PM IST

ബാഗ്ദാദ്: ഇറാഖില്‍ ജോലി കഴിഞ്ഞ് മടങ്ങിയ യുവതിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സഹോദരന്‍ അറസ്റ്റില്‍. സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയ നൂര്‍സാന്‍ അല്‍ ഷമ്മാരി എന്ന യുവതിയുടെ കൊലപാതകത്തിലാണ് പ്രതിയായ സഹോദരനെ അറസ്റ്റ് ചെയ്തതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. 

ബാഗ്ദാദ് നഗരത്തില്‍ നടന്ന കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി കൊല്ലപ്പെട്ട നൂര്‍സാന്റെ പേരുള്‍പ്പെടുന്ന ഹാഷ്ടാഗ് വിവിധ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. 

നൂര്‍സാന്‍ അല്‍ ഷമ്മാരിയുടെ കൊലപാതകത്തില്‍ റെക്കോര്‍ഡ് വേഗത്തിലാണ് പ്രതി അറസ്റ്റിലായതെന്ന് ഇറാഖി പൊലീസ് ശനിയാഴ്ച പ്രസ്താവനയില്‍ അറിയിച്ചു. കൊലപാതകം നടന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതി അറസ്റ്റിലായത്. നൂര്‍സാന്റെ സഹോദരനാണ് പ്രതിയെന്നും കൊലപാതകത്തില്‍ ഇയാളെ ചില ബന്ധുക്കള്‍ സഹായിച്ചിരുന്നതായും ആഭ്യന്തര മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ സാദ് മാന്‍ പറഞ്ഞു. ഈ ബന്ധുക്കളെ പിടികൂടാനായിട്ടില്ല. കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി കുറ്റസമ്മതം നടത്തി. വളരെ ചെറുപ്പത്തില്‍ തന്നെ നൂര്‍സാനെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ വിവാഹ മോചനം നേടി. അതിന് ശേഷം അടുത്തിടെ പുനര്‍ വിവാഹം നടത്താന്‍ ശ്രമിച്ചെങ്കിലും നൂര്‍സാന്‍ ഇതിനെ എതിര്‍ക്കുകയായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios