മസ്കറ്റ്: താമസ മേഖലകളിൽ വ്യവസായിക-വാണിജ്യ പ്രവർത്തങ്ങള്‍ നിരോധിച്ചു കൊണ്ടുള്ള മുന്നറിയിപ്പുമായി മസ്കറ്റ് നഗരസഭ. നിയമം ലംഘിക്കുന്നവർക്കെതിരെ  കർശന നടപടികൾ ഉണ്ടാകുമെന്നു നഗരസഭയുടെ താക്കീതുമുണ്ട്.  പരിശോധനകൾ വ്യാപകമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

നഗര സഭയുടെ നിയമത്തിലെ നൂറ്റി പതിനഞ്ചാം വകുപ്പ് അനുസരിച്ച് വർക്ക്‌ ഷോപ്പുകൾ, ഫാക്ടറികൾ, ക്രഷറുകൾ, കെട്ടിട നിർമാണ സാമഗ്രഹികളുടെ വില്പനയും ശേഖരണവും താമസ കേന്ദ്രങ്ങളുടെ സമീപത്ത് സ്ഥാപിക്കുവാൻ പാടുള്ളതല്ല. കൂടാതെ കെട്ടിട പെർമിറ്റിലും, വാടക കരാറിലും രജിസ്റ്റർ ചെയ്തിരിക്കുന്ന ആവശ്യത്തിന് മാത്രമേ കെട്ടിടങ്ങളും വസ്തു വകകളും ഉപയോഗിക്കുവാൻ പാടുള്ളൂ.

ഇതിനകം മസ്കറ്റ് നഗര സഭ, ഭവന നിർമാണ വകുപ്പുമായി ചേർന്ന് രജിസ്ട്രേഷൻ രേഖകളുടെ പരിശോധനകൾ ആരംഭിച്ചു കഴിഞ്ഞു. നഗര സഭയുടെ അനുമതി ലഭിക്കാതെ കെട്ടിടങ്ങൾക്കു രൂപ മാറ്റം വരുത്തുന്നതും നിയമ വിരുദ്ധമാണ്. മുനിസിപ്പൽ, വാണിജ്യ പ്രവർത്തനങ്ങളുടെ ക്രമീകരണവും , പൊതുജനാരോഗ്യവും , സുരക്ഷയും സംരക്ഷിക്കുവാൻ ലക്ഷ്യമിട്ടുകൊണ്ടാണ് നടപടിയെന്ന്  നഗരസഭ അധികൃതര്‍ വ്യക്തമാക്കി.