Asianet News MalayalamAsianet News Malayalam

പ്രവാസികളില്‍ ഗൃഹാതുര സ്മരണങ്ങളുണർത്തി യുഎഇയിലെ തെയ്യക്കാഴ്ചകള്‍

ഉത്തരമലബാറുകാർക്ക് വിശ്വാസത്തിനും ഭക്തിക്കുമൊപ്പം തെയ്യക്കോലങ്ങളെന്നാൽ മനസുനിറയ്ക്കുന്ന വികാരമാണ്. പ്രത്യേകിച്ച് മുത്തപ്പന്റെ തിരുവപ്പന വെള്ളാട്ടം. നാടിന്റെ പൈതൃകത്തിലേക്കും സംസ്കാരത്തിലേയ്ക്കുമെല്ലാം പ്രവാസിയെ ഓർമകളിലൂടെ കൈപിടിച്ചുനടത്തും ഓരോ തെയ്യക്കോലങ്ങളും. 

Muthappan Thiruvappana in Ajman UAE Asianet News Gulf Roundup afe
Author
First Published May 18, 2023, 11:37 PM IST

ദുബൈ: യുഎഇയിലെ പ്രവാസി മലയാളികളിൽ ​ഗൃഹാതുരതയുടെ സ്മരണങ്ങളുണർത്തി വീണ്ടും മുത്തപ്പൻ തിരുവപ്പന ഉൽസവം. വിശ്വാസങ്ങൾക്കൊപ്പം കേരളത്തിന്റെ സംസ്കാരിക പൈതൃകത്തിന്റെ ആഘോഷം കൂടിയായി അത്. അജ്മാൻ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ രണ്ട് ദിവസം നീണ്ടുനിന്ന ഉൽസവത്തിൽ പതിനായിരങ്ങളാണ് പങ്കെടുത്തത്. 

പറശിനിക്കടവിലെ മുത്തപ്പന്റെ മഠപ്പുരയായി മാറുകയായിരുന്നു രണ്ട് ദിനങ്ങൾ അജ്മാനിലെ ഇന്ത്യന്‍ അസോസിയേഷന്‍ ഓഡിറ്റോറിയവും പരിസരവും. മുത്തപ്പനെ ഒരു നോക്ക് കാണാന്‍, സങ്കടം പറയാന്‍, മുത്തപ്പന് പറയാനുള്ളത് കേൾക്കാന്‍ വിശ്വാസികൾ ഒഴുകിയെത്തി. നാട്ടിലെ ആചാര രീതികളുടെ തനിപ്പകർപ്പായിരുന്നു ചടങ്ങുകൾ. ഹാളിൽ പ്രത്യേകം മടത്തറ കെട്ടിയുണ്ടാക്കിയായിരുന്നു തിരുവപ്പന മഹോൽസവം

ഉത്തരമലബാറുകാർക്ക് വിശ്വാസത്തിനും ഭക്തിക്കുമൊപ്പം തെയ്യക്കോലങ്ങളെന്നാൽ മനസുനിറയ്ക്കുന്ന വികാരമാണ്. പ്രത്യേകിച്ച് മുത്തപ്പന്റെ തിരുവപ്പന വെള്ളാട്ടം. നാടിന്റെ പൈതൃകത്തിലേക്കും സംസ്കാരത്തിലേയ്ക്കുമെല്ലാം പ്രവാസിയെ ഓർമകളിലൂടെ കൈപിടിച്ചുനടത്തും ഓരോ തെയ്യക്കോലങ്ങളും. കുന്നത്തൂർപാടിയിൽ നിന്നുള്ള മലയിറക്കൽ ചടങ്ങോടെയായിരുന്നു തിരുവപ്പന മഹോൽസവത്തിനു തിരിതെളിഞ്ഞത്. നാട്ടിലെ ആചാരാനുഷ്ടാനങ്ങളുടെ അകമ്പടിയോടെയുള്ള ഉൽസവകാഴ്ചകൾക്ക് അജ്മാനും വേദിയായി . വിശ്വാസികൾ മുത്തപ്പന്റെ അരികില്‍ സങ്കടങ്ങളുടെയും ആവാലാതികളുടെയും കെട്ടുകഴഴിച്ചു. മുത്തപ്പന്‍ അവര്‍ക്ക് ആശ്വാസദായകനായി.

പറശ്ശിനിക്കടവ് മുത്തപ്പൻ ശൈവ- വൈഷ്ണവ മൂർത്തിയാണ്. അഭയം തേടിയെത്തുന്നവരെ തലോടി ആശ്വാസിപ്പിക്കുന്ന ദൈവം.  സങ്കടങ്ങളും ആകുലതകളും കേട്ട്, പരിഹാരങ്ങൾക്കൊപ്പം കൂടെയുണ്ടെന്ന ഉറപ്പ് കൂടിയാണ് മുത്തപ്പന്റെ മറുവാക്ക്.  ഈശ്വരനും വിശ്വാസിയും തമ്മിലുള്ള പ്രതീകാത്മക മുഖാമുഖമാണ് മുത്തപ്പൻ ആരാധനയുടെ അന്തസത്ത. അതുതന്നെയാണ്  മുത്തപ്പനെ മറ്റ് ദൈവങ്ങളിൽ നിന്ന് വ്യത്യസ്തനാക്കുന്നതും. മുത്തപ്പന്റെ പള്ളിവേട്ടക്ക് സാക്ഷിയായപ്പോൾ പ്രവാസ വിശ്വാസസമൂഹത്തിന് അത് പുണ്യനിമിഷമായി.

ഇഷ്ടദൈവത്തെ അടുത്താകാണാനായതിന്റെ നിർവൃതിയിൽ വിശ്വാസികൾ. മണിക്കൂറുകൾ വരിനിന്നാണ് പലർക്കും ദർശനം സാധ്യമായത്. കണ്ണൂരിൽ നിന്ന് മുത്തപ്പൻ കെട്ടിയാടുന്നവരുൾപ്പെടെ പത്തുപേരാണ് ഉത്സവത്തിനായി എത്തിയത്. കണ്ണൂർ ഏരുവേശി ഗ്രാമത്തിലെ ശിവഭക്തരായ അയ്യങ്കര വാഴുന്നോ‍ർക്കും പത്‌നി പാടിക്കുറ്റി അന്തർജനത്തിനും ഏരുവേശ്ശിപ്പുഴയുടെ തീരത്തെ തിരുനെറ്റിക്കല്ലിൽനിന്ന് ലഭിച്ച ബാലൻ പിന്നീട് മുത്തപ്പനായെന്നാണ് സങ്കൽപം. മുത്തപ്പന്റെ ദൈവീക രൂപങ്ങളായിട്ടാണ് വെള്ളാട്ടവും തിരുവപ്പനയും അറിയപ്പെടുന്നത്. വിഷ്ണു സ്വരൂപമാണ് തിരുവപ്പന. വെള്ളാട്ടമാകട്ടെ ശിവ രൂപവും. കീഴാളരുടെ ദൈവമായി അവതരിച്ച മുത്തപ്പന്‍ പിന്നീട് ജാതിമത ഭേദമന്യെ എല്ലാവരുടെയും ആശ്രയകേന്ദ്രമാവുകയായിരുന്നു.

അജ്മാനിൽ രണ്ടുദിവസം നീണ്ടുനിന്ന ഉൽസവത്തിൽ  കലശം എഴുന്നള്ളത്തും  മഹാഗണപതി ഹോമവും, തിരുവപ്പന വെള്ളാട്ടവും പള്ളിവേട്ടയും നടന്നു. രണ്ടാംദിവസം വൈകുന്നേരം തിരുമുടി അഴിക്കൽ ചടങ്ങിന് പിന്നാലെ മലകയറ്റത്തോടെയാണ് കർമങ്ങൾക്ക് സമാപനമായത്.

വീഡിയോ കാണാം...

Follow Us:
Download App:
  • android
  • ios