ദുബായ്: ദുബായിലെ ഒരു ഹോട്ടലിന്റെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഹെലി‍കോപ്റ്ററിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ബേസ്‍മെന്റിലെ ഇടുങ്ങിയ പാര്‍ക്കിങ് സ്ഥലത്ത് 'എത്തിപ്പെട്ട' ഹെലികോപ്റ്ററിന്റെ ചിത്രം ഹോട്ടലിലെത്തിയ ചിലര്‍ തന്നെയാണ് പകര്‍ത്തിയത്.

സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ചിത്രത്തിന്റെ യാഥാര്‍ത്ഥ്യവും ഇപ്പോള്‍ പുറത്തുവന്നു. ഹോട്ടലിലെ റസ്റ്റോറന്റില്‍ സ്ഥാപിക്കാന്‍ കൊണ്ടുവന്ന ഡമ്മി ഹെലികോപ്റ്ററാണത്രേ ഇത്. അന്വേഷിച്ച് ചെന്നവരോട് ഹോട്ടലിലെ ജീവനക്കാര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒറിജിനലിനെ വെല്ലുന്ന ഈ കുഞ്ഞന്‍ ഹെലികോപ്റ്ററിന് 100 കിലോഗ്രാം മാത്രമാണ് ഭാരം. എഞ്ചിനോ മറ്റ് ഇലക്ട്രിക് കണ്‍ട്രോളുകളോ ഒന്നുമില്ലാത്ത ഈ കളിപ്പാട്ടം ക്രിസ്മസ്-ന്യൂ ഇയര്‍ ആഘോഷങ്ങളുടെ ഭാഗമായി ഹോട്ടല്‍ അലങ്കരിക്കാനാണത്രെ കൊണ്ടുവന്നത്. കുട്ടികള്‍ക്ക് കയറിയിരിക്കാനും അത്യാവശ്യം കയറിയിരുന്ന് ഫോട്ടോയെടുക്കാനുമൊക്കെയാണ് ഇത് സജ്ജീകരിക്കുന്നത്.

റസ്റ്റോറന്റില്‍ 'ഹെലികോപ്റ്റര്‍' സ്ഥാപിക്കാന്‍ ആവശ്യമായ അനുമതികള്‍ നേടാനും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുമാണ് ബേസ്‍മെന്റില്‍ തന്നെ സൂക്ഷിച്ചിരിക്കുന്നത്. മൂന്ന് പേര്‍ ചേര്‍ന്നാല്‍ എടുത്തുമാറ്റാവുന്ന ഹെലികോപ്റ്ററിനുള്ളില്‍ രണ്ട് സീറ്റുകളും ഒറിജിനല്‍ ഫീലിനായി ചില ഗിയര്‍ ലിവറുകളുമൊക്കെയുണ്ട്. അധികൃതരില്‍ നിന്നുള്ള അനുമതി ലഭിക്കുന്നതോടെ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ഹെലികോപ്റ്റര്‍ റസ്റ്റോറന്റിലേക്ക് മാറ്റുമെന്നും ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു.