യുഎഇയിലെത്തുന്ന മോദി യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവരുമായി ചര്‍ച്ചകള്‍ നടത്തും.

അബുദാബി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ യുഎഇയിലെത്തും. മോദിയെ വരവേല്‍ക്കാനായി വിപുലമായ ഒരുക്കങ്ങളാണ് പ്രവാസി സമൂഹം നടത്തുന്നത്. പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം മോദിയുടെ ഏഴാമത്തെ യുഎഇ സന്ദര്‍ശനമാണിത്. 

യുഎഇയിലെത്തുന്ന മോദി യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവരുമായി ചര്‍ച്ചകള്‍ നടത്തും. രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതും സഹകരണ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതും ചര്‍ച്ചയാകും. യുഎഇയില്‍ എത്തുന്ന മോദിക്ക് വലിയ സ്വീകരണമാണ് വിവിധ പ്രവാസി സംഘടനകള്‍ സംയുക്തമായി ഒരുക്കുന്നത്. അഹ്ലന്‍ മോദി എന്ന് പേരിട്ടിരിക്കുന്ന പരിപാടി നാളെ വൈകിട്ട് നാലു മണിക്ക് സായിദ് സ്പോര്‍ട്സ് സിറ്റിയിലാണ് സംഘടിപ്പിക്കുന്നത്. വിശ്വാമിത്ര (ലോകത്തിന്‍റെ സുഹൃത്ത്) എന്ന പ്രമേയത്തില്‍ വിവിധ സംസ്ഥാനങ്ങളുടെ തനതായ കലകള്‍ യോജിപ്പിച്ച് ആവിഷ്കരിക്കുന്ന കലാവിരുന്നില്‍ എഴുന്നൂറിലേറെ കലാകാരന്മാര്‍ പങ്കെടുക്കും. 

Read Also -  കടുത്ത തലവേദന, ഡോക്ടറെ കാണാനെത്തി; കാത്തിരുന്നത് ഏഴ് മണിക്കൂര്‍; രണ്ട് മക്കളുടെ അമ്മയായ യുവതി മരിച്ചു

ഇന്ത്യയ്ക്കും യുഎഇയ്ക്കും ഇടയിൽ സമീപകാലത്ത് വലിയ മുന്നേറ്റമുണ്ടാക്കിയ വ്യാപാര - ബാങ്കിങ് രംഗത്തെ സഹകരണത്തിനൊപ്പം പുതിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോയെന്നതാണ് ഏവരും കാത്തിരിക്കുന്ന്. പരിപാടിയിൽ പങ്കെടുക്കാനുള്ളവരുടെ രജിസ്ട്രേഷൻ 65,000 പിന്നിട്ടിരുന്നു. ഇന്ത്യന്‍ എംബസിയുടെ മേല്‍നോട്ടത്തില്‍ 150ലേറെ സംഘടനകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. യുഎഇയിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളും പരിപാടിക്കെത്തും. 

Read Also - ബാപ്സ് ഹിന്ദു മന്ദിര്‍ ഉദ്ഘാടനം; സ്വാമി മഹാരാജിന് വമ്പൻ വരവേൽപ്പ്, നേരിട്ടെത്തി സ്വീകരിച്ച് യുഎഇ മന്ത്രി

14ന് ദുബൈ മദീനത് ജുമൈറയില്‍ നടക്കുന്ന ലോക സര്‍ക്കാര്‍ ഉച്ചകോടിയില്‍ മോദി മുഖ്യപ്രഭാഷണം നടത്തും. ഉച്ചകോടിയിലെ മൂന്ന് അതിഥി രാജ്യങ്ങളില്‍ ഇന്ത്യയുമുണ്ട്. തുര്‍ക്കി, ഖത്തര്‍ എന്നിവയാണ് മറ്റ് അതിഥി രാജ്യങ്ങള്‍. 14ന് വൈകുന്നേരമാണ് മോദി ബാപ്സ് ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്യുക. അക്ഷർധാം മാതൃകയിലുള്ള, മധ്യപൂർവദേശത്തെ ഏറ്റവും വലിയ ക്ഷേത്രമാണ് ബാപ്സ് ഹിന്ദു മന്ദിർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...