ദുബായ്: സാമൂഹ്യമാധ്യമങ്ങളിൽ തന്‍റേതെന്ന പേരിൽ പ്രചരിക്കുന്ന ശബ്ദസന്ദേശം തന്‍റേത് തന്നെയെന്ന് നാസിൽ അബ്ദുള്ള ഏഷ്യാനെറ്റ് ന്യൂസിനോട്. അടുത്ത സുഹൃത്തായ കബീർ എന്നയാൾക്ക് അയച്ച സന്ദേശമാണത്. എന്നാൽ അതിൽ മുഴുവൻ ഭാഗവും പുറത്തുവിട്ടിട്ടില്ല. ശബ്ദസന്ദേശം വളച്ചൊടിച്ചാണ് പ്രചരിപ്പിച്ചതെന്നും നാസിൽ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

നാസിൽ പറയുന്നത് ഇതാണ്:

ചോദ്യം: തുഷാറിൽ നിന്ന് പണം വാങ്ങാൻ ചെക്ക് വേണം, അത് കിട്ടാൻ പണം കൊടുക്കണം. ആ ചെക്ക് വാങ്ങിയാൽ നമുക്ക് തുഷാറിൽ നിന്ന് പണം വാങ്ങാം. രണ്ട് ദിവസത്തിനകം മൂപ്പരിവിടെ വരുന്നുണ്ട് - ഇങ്ങനെയാണ് നാസിലിന്‍റെ ശബ്ദസന്ദേശം പുറത്തുവന്നിരിക്കുന്നത്. ഇത് നാസിലിന്‍റെ ശബ്ദം തന്നെയാണോ? തുഷാർ ചെക്ക് തന്നിട്ടില്ലേ? ആ ചെക്ക് എന്തിനാണ് നാസിൽ പണം കൊടുത്ത് വാങ്ങുന്നത്?

നാസിൽ അബ്‍ദുള്ള: ഈ ശബ്ദം കേട്ടിടത്തോളം എന്‍റേതാണ്. എന്‍റെ അടുത്ത സുഹൃത്തായ കബീർ എന്നയാളോട് സംസാരിച്ചതാണിത്. തുഷാറുമായുള്ള പഴയ സാമ്പത്തിക ഇടപാടിന് ശേഷം വലിയ സാമ്പത്തിക ബാധ്യതകളിലായിരുന്നു ഞാൻ. അതിൽ നിന്ന് രക്ഷപ്പെടാൻ എന്‍റെ പാസ്‍പോർട്ടും, തുഷാർ തന്ന ഈ സെക്യൂരിറ്റി ചെക്കും അടക്കമുള്ള രേഖകൾ ഞാൻ ഈട് വച്ച് ഒരാളിൽ നിന്ന് കുറച്ച് പണം കടം വാങ്ങി.

ആ ചെക്ക് അടക്കമുള്ള രേഖകൾ തിരിച്ചെടുക്കാനുള്ള പണമാണ് ഞാനെന്‍റെ സുഹൃത്തിനോട് ചോദിച്ചത്. പലരോടും ചോദിച്ചിരുന്നു. ഇത് ഒരു അടുത്ത സുഹൃത്തായിരുന്നു. ആ ഈട് വച്ച രേഖകൾ തിരിച്ചെടുത്താൽ പണം കിട്ടുമെന്നുറപ്പുണ്ടോ എന്നും തുഷാർ പണം തരുമോ എന്നും സുഹൃത്ത് ചോദിച്ചിരുന്നു. അതിന് പല സമയങ്ങളിലായി നൽകിയ മറുപടിയാണ് ഇങ്ങനെ വളച്ചൊടിച്ചിരിക്കുന്നത്. 

ചോദ്യം: ഇതെപ്പോഴാണ് സംസാരിച്ചത്?

ഉത്തരം: മൂന്ന് മാസമായി സംസാരിച്ചിട്ട്. 

ചോദ്യം: മൂന്ന് മാസം മുമ്പത്തെ ഈ വോയ്‍സ് ക്ലിപ്പ് ഇപ്പോൾ പുറത്തു വിടുന്നതിന് പിന്നിൽ?

ഉത്തരം: പൊതുജനമധ്യത്തിൽ എന്നെ ഇകഴ്‍ത്തിക്കാണിക്കുക എന്ന ഒറ്റ ഉദ്ദേശമേയുള്ളൂ. എനിക്കാകെയുള്ളത് സാധാരണ ജനങ്ങളുടെ പിന്തുണയാണ്. അത് ഇല്ലാതാക്കുക എന്നതാണ് എതിർപക്ഷത്തിന്‍റെ ലക്ഷ്യം. നിയമപരമായി ഈ വോയ്‍സ് ക്ലിപ്പ് നിലനിൽക്കില്ല. കോടതിയിൽ ഇത്തരമൊരു വോയ്‍സ് ക്ലിപ്പ് കൊണ്ടുപോയിട്ട് ഒരു കാര്യവുമില്ല. വല്ലാത്ത സമ്മർദ്ദമുണ്ടെന്ന് എന്‍റെ സുഹൃത്ത് എന്നോട് പറഞ്ഞിരുന്നു. എന്തിനാണ് സമ്മർദ്ദം എന്ന് അന്ന് ഞാൻ ചോദിച്ചതാണ്. തെറ്റ് ചെയ്തിട്ടില്ലാത്തതുകൊണ്ട് സുഹൃത്തിനെ ഭീഷണിയിൽ നിന്ന് രക്ഷിക്കാൻ ഒന്നും ചെയ്തില്ല. 

ചോദ്യം: ചെക്ക് താൻ നാസിലിന് കൊടുത്തിട്ടില്ല എന്ന തുഷാറിന്‍റെ വാദം ശരിയാവുകയല്ലേ?

ഉത്തരം: ചെക്ക് നേരിട്ട് തന്നുവെന്ന് ഞാനും പറഞ്ഞിട്ടില്ല. തുഷാറിന്‍റെ ഭാഗത്തു നിന്നുള്ളവർ അദ്ദേഹത്തിന്‍റെ ഒപ്പോടെ തന്നെ തന്ന ചെക്കാണിത്. നേരിട്ടാണോ തന്നതെന്ന് കോടതിയിൽ ഹാജരായപ്പോൾ എടുത്ത് ചോദിച്ചതാണ്. അല്ലെന്ന് പറയുകയും ചെയ്തതാണ്. 

ഇത് വെറും ചെക്കുമായി ബന്ധപ്പെട്ട കാര്യമല്ല. ഒരു ഇടപാടിൽ അങ്ങോട്ടും ഇങ്ങോട്ടും തരേണ്ടിയിരുന്ന പല പണമിടപാടുകളുടെ കണക്കുകളിലുള്ള തർക്കമാണ്. തത്വത്തിൽ എനിക്ക് തുഷാർ പണം തരാനുണ്ടെന്ന് സമ്മതിച്ചിട്ടുണ്ട്. തുക എത്രയെന്ന കാര്യത്തിൽ മാത്രമാണ് തർക്കം. ഇത് സെക്യൂരിറ്റി ചെക്കാണ്. ഇതിന് കൃത്യമായ രേഖകളുമുണ്ട്. 

ചോദ്യം: എന്തിനാണ് നാസിൽ സിവിൽ കേസ് കൊടുത്തത്?

ഉത്തരം: ക്രിമിനൽ കേസിൽ എങ്ങനെയെങ്കിലും പാസ്പോർട്ട് കൊടുത്തിട്ടെങ്കിലും തുഷാർ നാട്ടിലേക്ക് പോകുമെന്നാണ് എനിക്ക് കിട്ടിയ വിവരം. അത് ഒഴിവാക്കാനാണ് സിവിൽ കേസ് കൊടുത്തത്. ഈ പ്രശ്നം ഒത്തുതീർപ്പാക്കിയിട്ട് മാത്രമേ തുഷാറിനെ നാട്ടിലേക്ക് വിടാൻ കഴിയൂ എന്ന് കരുതി ഒരു മുൻകരുതലിനാണ് ചെയ്തത്. 29-ാം തീയതിയാണ് സിവിൽ കേസ് ഫയൽ ചെയ്തത്. 

ചോദ്യം: നാസിൽ മുഖം കാണിക്കാത്തതെന്താണ്?

ഉത്തരം: എനിക്ക് സുരക്ഷാഭീഷണിയുണ്ട്. അതുകൊണ്ടാണ്. ഇവിടെ പലരും എന്നെ തിരിച്ചറിയുന്നതിൽ എനിക്ക് ബുദ്ധിമുട്ടുമുണ്ട്. എങ്കിലും ഇനിയുള്ള ദിവസങ്ങളിൽ ഈ അപവാദപ്രചാരണങ്ങളെ നേരിടും. അതേസമയം, കോടതിയ്ക്ക് പുറത്ത് ഒത്തുതീർപ്പാവുന്നതിനെ എതിർക്കുകയുമില്ല. 

ദുബായിലെ ഞങ്ങളുടെ പ്രതിനിധി അരുൺ രാഘവൻ നാസിലുമായി നടത്തിയ അഭിമുഖം കാണാം: