Asianet News MalayalamAsianet News Malayalam

തലസ്ഥാനം കത്തിയപ്പോൾ ദേശീയ പാർട്ടികൾ പോലും മൗനത്തിലായത്​ ഭയപ്പെടുത്തി: എം.സി. ഖമറുദ്ദീൻ എം.എൽ.എ

"പൗരത്വ വിഷയത്തെ ഹിന്ദു മുസ്​ലിം പ്രശ്​നമാക്കി വർഗീയവത്​കരിക്കാനുള്ള ആസുത്രിതശ്രമമാണ്​ ഡൽഹിയിൽ കൃത്യമായും മുസ്ലിങ്ങൾക്കെതിരെയുള്ള കലാപമായി മാറിയത്​. അമേരിക്കൻ പ്രസിഡൻറ്​ ട്രംപിന്റെ വരവും കലാപവും തമ്മിൽ ബന്ധമു​ണ്ടോ എന്ന്​ സംശയമുണ്ടെന്നും എം.സി ഖമറുദ്ദീന്‍"

national parties kept silence during riots in capital city  says mc khamarudheen mla
Author
Riyadh Saudi Arabia, First Published Feb 28, 2020, 3:22 PM IST

റിയാദ്: തലസ്ഥാനം കത്തിയപ്പോൾ പ്രതിപക്ഷത്തെ പ്രധാനപ്പെട്ട ദേശീയ പാർട്ടികളടക്കം മൗനത്തിലായത്​ ഭയപ്പെടുത്തിയെന്ന്​ മഞ്ചേശ്വരം എം.എൽ.എ എം.സി. ഖമറുദ്ദീൻ. സൗദി സന്ദർശനത്തിനെത്തിയ അദ്ദേഹം റിയാദിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. രാജ്യത്തോട്​ ഉത്തരവാദിത്വമുള്ള എല്ലാ രാഷ്​ട്രീയപാർട്ടികളും അടിയന്തര ഇടപെടൽ നടത്തി സമാധാനം തിരികെ കൊണ്ടുവരണം. ഇനിയും വൈകിക്കൂടാ. ഡൽഹിയിൽ കണ്ടത്​ ഭരണകൂടം കൂട്ടുനിൽക്കുന്ന ഫാഷിസമാണ്​.

പൗരത്വ വിഷയത്തെ ഹിന്ദു മുസ്​ലിം പ്രശ്​നമാക്കി വർഗീയവത്​കരിക്കാനുള്ള ആസുത്രിതശ്രമമാണ്​ ഡൽഹിയിൽ കൃത്യമായും മുസ്ലിങ്ങൾക്കെതിരെയുള്ള കലാപമായി മാറിയത്​. അമേരിക്കൻ പ്രസിഡൻറ്​ ട്രംപിന്റെ വരവും കലാപവും തമ്മിൽ ബന്ധമു​ണ്ടോ എന്ന്​ സംശയമുണ്ട്​. ഇങ്ങനെ മതം നോക്കി ആക്രമണം അഴിച്ചുവിട്ടാലും അതൊരു ആഭ്യന്തര കലാപത്തിലേക്ക്​ നീങ്ങിയാലും അമേരിക്ക​ പോലും തങ്ങളോടൊന്നും ചോദിക്കില്ലെന്നും ട്രംപിന്റെ പിന്തുണ തങ്ങൾക്കുണ്ടെന്നും സന്ദേശം നൽകാനുള്ള സംഘ്​പരിവാർ ശ്രമമായിരുന്നോ എന്ന്​ സംശയിക്കേണ്ടിയിരിക്കുന്നു. അതെന്തായാലും ഡൽഹിയിലേത്​ കരുതിക്കൂട്ടി അഴിച്ചുവിട്ട ആക്രമണമാണ്​. അതിന്​ പിന്നിൽ വലിയ ആസൂത്രണമുണ്ട്​.

കേരളത്തിൽ പൗരത്വ രജിസ്‌ട്രേഷൻ നടപടികൾ സർക്കാർ തുടങ്ങി കഴിഞ്ഞു. പക്ഷെ പൊതുസമൂഹത്തെ മുഖ്യമന്ത്രി പറഞ്ഞുപറ്റിക്കുകയാണ്. രണ്ട്​ മുഖമാണ്​ സർക്കാരിന്​ ഇതിൽ. പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന്​ നാഴികക്ക്​ നാൽപതുവട്ടം പറയുകയും എന്നാൽ പൗരത്വ രജിസ്​റ്ററിന്​ വേണ്ടിയുള്ള പ്രവർത്തനങ്ങൾ അങ്ങിങ്ങ്​ തുടങ്ങുകയും ചെയ്യുന്ന ഇരട്ടമുഖമാണ്​ പിണറായി കാട്ടുന്നത്​.

കേരള ബജറ്റിൽ കാസർകോട് ജില്ലയെ പ്രതേകിച്ചു മഞ്ചേശ്വരം മണ്ഡലത്തെ പൂർണമായും അവഗണിച്ചു. ഇത്തവണത്തെ ബജറ്റ്​ പ്രതിപക്ഷ എം.എൽ.എ മാരെ പൂർണമായും അവഗണിക്കുന്നതായിരുന്നു. പ്രതിപക്ഷത്തോട്​ സർക്കാർ നിഷേധാത്മക നിലപാടാണ്​ സ്വീകരിക്കുന്നത്​. കർണാടക ബി.ജെ.പി സർക്കാർ ഭാഷ പറഞ്ഞും വേർതിരിവുണ്ടാക്കാൻ ശ്രമിക്കുകയാണ്​. ആ മനോഭാവമാണ്​ മലയാളികളോട്​ കാട്ടുന്നത്​. കാസർകോട്ടുള്ളവരുടെ മക്കളൊക്കെ മംഗലാപുരത്ത്​ പഠിക്കുന്നവരാണ്​. പല ആവശ്യങ്ങൾക്കും മംഗലാപുരത്തേക്ക്​ നിത്യം പോകുന്നവരാണ്​. എന്നാൽ മലയാളികൾ കാർണാടകയിലേക്ക്​ പ്രവേശിക്കുന്നതിനെതിരെ അങ്ങിങ്ങ്​ ചില പ്രശ്​നങ്ങളുണ്ടാക്കുന്നുണ്ട്​. പൊലീസാണ്​ കൂടുതൽ വിവേചനപരമായി പെരുമാറുന്നത്​.

ഈ വിഷയം കേരള മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുകയും അദ്ദേഹം സർക്കാർ തലത്തിൽ ഇടപെടൽ നടത്തുകയും ചെയ്​തിട്ടുണ്ട്​. മഞ്ചേശ്വരത്ത്​ തനിക്കെതിരെ മത്സരിച്ച ബി.ജെ.പി നേതാവ്​ രവീശ തന്ത്രി ഇപ്പോൾ പാർട്ടിയോട് പിണങ്ങി നിൽക്കുകയാണ്​. മതേതരത്വ നിലപാട്​ സ്വീകരിക്കാൻ തയ്യാറായൽ അദ്ദേഹത്തെ യു.ഡി.എഫിലേക്ക്​ കൊണ്ടുവരാൻ മുൻകൈയ്യെടുക്കുമെന്നും എം.സി. ഖമറുദ്ദീൻ എം.എൽ.എ പറഞ്ഞു.

വ്യാഴാഴ്ച വൈകീട്ട ബത്​ഹയിലെ അപ്പോളോ ഡമോറോ ഔഡിറ്റോറിയത്തിൽ നടക്കുന്ന റിയാദ്​ കെ.എം.സി.സി കാസർകോട്​ ജില്ലാ കമ്മിറ്റിയുടെ ‘ഇശൽ രാവ്​’ എന്ന പരിപാടിയിൽ പങ്കെടുക്കാനാണ്​ എം.എൽ.എ എത്തിയത്​. വാർത്താസമ്മേളനത്തിൽ കെ.എം.സി.സി ഭാരവാഹികളായ ഖാദർ ചെങ്കള, അബ്​ദുൽ സലാം തൃക്കരിപ്പൂർ, ഷംസു പെരുമ്പട്ട, കെ.പി. മുഹമ്മദ്‌ കളപ്പാറ, ടി.വി.പി. ഖാലിദ്, അസീസ് അടുക്ക, കുഞ്ഞി സഫാമക്ക എന്നിവർ പങ്കെടുത്തു. 

Follow Us:
Download App:
  • android
  • ios