മനാമ: കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ബഹ്‌റൈനിൽ തൊഴിൽ നഷ്ടപെട്ടവർക്കും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും കൈത്താങ്ങായി ബഹ്‌റൈന്‍‍ നവകേരള പ്രവര്‍ത്തകര്‍.  ‘നിങ്ങൾ ഒറ്റക്കല്ല ഞങ്ങൾ കൂടെയുണ്ട് ‘എന്ന ആശയം പ്രചരിപ്പിക്കുന്നതിന് പുറമെ അവശ്യ വസ്തുക്കൾ അടങ്ങിയ കിറ്റുകളും ഇവര്‍ വിതരണം ചെയ്തു. 

അടുത്ത ഘട്ടമായി നവകേരളയുടെ നേതൃത്വത്തിൽ ഫേസ് മാസ്കുകൾ നിർമിച്ചു നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. നവകേരളയുടെ വനിതാ പ്രവർത്തകരും മറ്റുള്ളവരുമാണ് ഇതിന് നേതൃത്വം നൽകുന്നത്. ഇതിന്റെ പ്രാരംഭമായി നവകേരളയുടെ പ്രവർത്തകർക്കും അഭ്യുദയകാംഷികൾക്കുമാണ് മാസ്കുകൾ ലഭ്യമാക്കുന്നത്. വിപുലമായി തയാറാക്കിയതിനു ശേഷം മറ്റു മേഖലകളിലേക്കും വിതരണം നടത്താൻ സാധിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.

ഈ പ്രവർത്തങ്ങൾക്കെല്ലാം കൈത്താങ്ങായി നിൽക്കുന്ന എല്ലാവരോടും നന്ദി അറിയിക്കുന്നതോടൊപ്പം വീണ്ടും സഹകരണം പ്രതീക്ഷിക്കുന്നതായും കോ-ഓർഡിനേഷൻ സെക്രട്ടറി ഷാജി മുതല ,പ്രസിഡന്റ് ഇ ടി ചന്ദ്രൻ ,സെക്രട്ടറി റൈസോൺ വർ​ഗീസ് എന്നിവർ അറിയിച്ചു.