നിരവധി ഇന്ത്യക്കാരാണ് ഗള്‍ഫ് രാജ്യങ്ങളിലുള്ളത്. ഇവരെ തിരികെ എത്തിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കാന്‍ തങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നുള്ള അനുമതി ലഭിക്കുന്ന മുറയ്ക്ക് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്ന നടപടികള്‍ ആരംഭിക്കും. 

ദില്ലി: വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നത് നാവിക-വ്യോമ സേനകളും എയര്‍ ഇന്ത്യയും സംയുക്തമായിട്ടായിരിക്കുമെന്ന് നാവിക സേനാ മേധാവി കരംബീർ സിംഗ് പറഞ്ഞു. ഇതിനായുള്ള നടപടികള്‍ക്കായി നാവിക സേനാ കപ്പലുകള്‍ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. സംയുക്തസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിനൊപ്പം കര, നാവിക, വ്യോമ സേനാ തലവന്മാര്‍ ഇന്ന് ദില്ലിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. 

നിരവധി ഇന്ത്യക്കാരാണ് ഗള്‍ഫ് രാജ്യങ്ങളിലുള്ളത്. ഇവരെ തിരികെ എത്തിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കാന്‍ തങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നുള്ള അനുമതി ലഭിക്കുന്ന മുറയ്ക്ക് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്ന നടപടികള്‍ ആരംഭിക്കും. വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമായിരിക്കും കാര്യങ്ങള്‍ മുന്നോട്ട് നീക്കുകയെന്നും നാവിക സേനാ മേധാവി പറഞ്ഞു.

പ്രവാസികളുടെ മടക്കം സംബന്ധിച്ച് കൂടിയാലോചനകള്‍ തുടരുകയാണെന്നും അന്തിമ തീരുമാനമായിട്ടില്ലെന്നും കഴിഞ്ഞ ദിവസം കേന്ദ്രവിദേശകാര്യ വക്താവ് പറഞ്ഞിരുന്നു. കേന്ദ്ര സര്‍ക്കാര്‍ വിവിധ തലങ്ങളില്‍ ഗള്‍ഫിലെ ഭരണാധികാരികളുമായും അധികൃതരുമായും ചര്‍ച്ച നടത്തിവരികയാണ്.

അതേസമയം വിവിധ രാജ്യങ്ങളില്‍ ഇന്ത്യന്‍ എംബസികള്‍ മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികളുടെ വിവരശേഖരണം നടത്തുകയാണിപ്പോള്‍. ചില ഗള്‍ഫ് രാജ്യങ്ങള്‍ ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സേവനം ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ഇക്കാര്യവും കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചുവരികയാണ്.