റിയാദ്​: സൗദി അറേബ്യയിലെ പ്രമുഖ ബാങ്കുകളായ നാഷനൽ കൊമേഴ്‌സ്യൽ ബാങ്കും (എൻ.സി.‌ബി) സാംബ ഫിനാൻഷ്യൽ ഗ്രൂപ്പും (സാംബ) ലയിച്ചു. ലയനത്തോടനുബന്ധിച്ച് ‌837 ശതകോടി റിയാൽ (223 ശതകോടി ഡോളർ) ആസ്തികളുമായി സംയോജിത കരാറിൽ ഇരുകമ്പനി മേധാവികളും ഒപ്പുവച്ചു. ഇതോടെ എൻ‌.സി.ബി അറബ് ലോകത്തെ മൂന്നാമത്തെ വലിയ ബാങ്കിങ്​ സ്ഥാപനമായി മാറുകയും അറ്റാദായത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്യും.

 മാർക്കറ്റ് കാപിറ്റലൈസേഷനിൽ 171 ശതകോടി റിയാൽ (46 ശതകോടി ഡോളർ) ഉള്ള ഗൾഫ് മേഖലയിലെ ഒരു പ്രമുഖ ബാങ്കായും എൻ‌.സി.ബി മാറും. അതോടൊപ്പം ചെറുകിട, മൊത്ത ബാങ്കിങ്​ വിപണിയുടെ ഏകദേശം 25 ശതമാനം സേവനം നൽകുന്ന സൗദി അറേബ്യയിലെ ഏറ്റവും വലിയ ബാങ്കായിരിക്കും എൻ‌.സി.ബി. ലയനം പൂർത്തിയാകുമ്പോൾ സാംബയുടെ ഓഹരികൾ മുഴുവൻ എൻ‌.സി.‌ബിക്ക് കൈമാറ്റം ചെയ്യുകയും പുതുതായി നിരവധി ഷെയറുകൾ‌ നൽ‌കുകയും ചെയ്യും. ഇതനുസരിച്ച് തങ്ങളുടെ ഓരോ ഷെയറിനും 0.739 എൻ‌.സി.‌ബി ഷെയറുകൾ‌ സാംബയുടെ ഓഹരി ഉടമകൾക്ക് ലഭിക്കും. 

സാംബയെ എൻ‌.സി.‌ബിയുമായി ലയിപ്പിക്കുന്നതിലൂടെ സാംബയുടെ എല്ലാ സ്വത്തുക്കളും ബാധ്യതകളും എൻ‌.സി.‌ബിയിലേക്ക് മാറും. ഇടപാട് പൂർത്തിയായിക്കഴിഞ്ഞാൽ പിന്നെ എൻ‌.സി.‌ബി മാത്രമേ നിലനിൽക്കൂ, സാംബ ഉണ്ടാവില്ല. സാംബയുടെ ഓഹരികൾ റദ്ദാക്കുകയും എൻ‌.സി.‌ബിയിലെ പുതിയ ഓഹരികൾ സാംബ ഓഹരിയുടമകൾക്ക് നൽകുകയും ചെയ്യും. കരാർ പ്രകാരം എൻ‌.സി.‌ബിയുടെ ആസ്ഥാനം ജിദ്ദയിൽ നിന്ന് റിയാദിലേക്ക് മാറ്റുകയും സാംബയുടെ ഡയറക്ടർ ബോർഡ് ചെയർമാനായിരുന്ന അമ്മാർ അൽഖുദൈരിയെ എൻ.‌സി.‌ബിയുടെ സി.‌ഇ.‌ഒ ആയി നിയമിക്കുകയും ചെയ്യും. 

നിലവിലെ എൻ.‌സി.‌ബി ഡയറക്ടർ ബോർഡ് ചെയർമാൻ സഈദ് അൽഗാംദിയെ പുതുതായി നിലവിൽ വരുന്ന എൻ.‌സി.‌ബിയുടെ മാനേജിങ്​ ഡയറക്ടറായും നിയമിക്കും. ലയിപ്പിക്കുന്ന ബാങ്കിന്റെ കൃത്യമായ പേര്, ലോഗോ, ഐഡൻറിറ്റി എന്നിവയെക്കുറിച്ച് ആലോചിക്കുന്നതിന് ഒരു പ്രത്യേക കൺസൾട്ടിങ്​ സ്ഥാപനത്തെ നിയമിക്കാനും കരാറിൽ വ്യവസ്ഥ ചെയ്യുന്നു.