വിമാന നിരക്ക് കുത്തനെ കൂടുന്ന സീസണിലായിരിക്കും നീറ്റ് പരീക്ഷ. ഗൾഫിൽ കേന്ദ്രങ്ങളില്ലെങ്കിൽ ഈ വൻതുക മുടക്കി നാട്ടിൽ പോയി പരീക്ഷയെഴുതണം.
അബുദാബി: ഗൾഫിലെ നീറ്റ് പരീക്ഷാ കേന്ദ്രങ്ങൾ പുനസ്ഥാപിച്ചില്ലെങ്കിൽ പകുതിയിലധികം പ്രവാസി വിദ്യാർത്ഥികൾക്കും പ്രവേശന പരീക്ഷ ഉപേക്ഷിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി പ്രവാസി സംഘടനകൾ. നാട്ടിൽ കുടുംബസമേതം പോയി പരീക്ഷയെഴുതുന്നത് താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. വിമാന നിരക്ക് കുത്തനെ കൂടുന്ന സീസണിലായിരിക്കും നീറ്റ് പരീക്ഷ. ഗൾഫിൽ കേന്ദ്രങ്ങളില്ലെങ്കിൽ ഈ വൻതുക മുടക്കി നാട്ടിൽ പോയി പരീക്ഷയെഴുതണം.
സ്വന്തം രാജ്യത്ത് സ്വപ്നം കണ്ട ഉപരിപഠനമെന്ന അവസരത്തിലേക്കുള്ള വാതിലാണ് അവർക്കു മുന്നിൽ അടയ്ക്കപ്പെടുക. കേന്ദ്രത്തിന് പരാതി നൽകാൻ ഇനി സംഘടനകളൊന്നും ബാക്കിയില്ല. സമ്മർദങ്ങൾക്കൊടുവിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇവരെല്ലാം. അതേസമയം, ഒമാനിൽ നീറ്റ് പരീക്ഷാ കേന്ദ്രം പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് ഇന്ത്യൻ എംബസിയിലെ ഓപ്പൺ ഹൗസിൽ രക്ഷിതാക്കൾ അംബാസഡര്‍ക്ക് നിവേദനം നല്‍കിയിരുന്നു.
നീറ്റ് പരീക്ഷകൾക്കായി ഇന്ത്യക്ക് പുറത്തുള്ള കേന്ദ്രങ്ങൾ റദ്ദാക്കാനുള്ള നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ഉത്കണ്ഠ ഉണ്ടാക്കുന്നതാണെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. ഒമാനിലെയും മറ്റ് ഗൾഫ് രാജ്യങ്ങളിലെയും പരീക്ഷാ കേന്ദ്രങ്ങൾ റദ്ദാക്കിയത് നിരവധി പ്രവാസി വിദ്യാർത്ഥികള്‍ക്ക് അനിശ്ചിതത്വവും സാമ്പത്തിക ബുദ്ധിമുട്ടും സൃഷ്ടിക്കുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
ഒമാനിൽ ഒരു പരീക്ഷാ കേന്ദ്രം സ്ഥാപിക്കാൻ 2021ൽ നടത്തിയ ശ്രമങ്ങൾ വളരെ വലുതായിരുന്നു , എൻടിഎ അടുത്ത കാലത്ത് ഈ തീരുമാനം മാറ്റിയത് പ്രവാസി കുടുംബങ്ങളെ അനിശ്ചിതത്വത്തിലും സാമ്പത്തിക ഞെരുക്കത്തിലേക്കും നയിക്കും. ജോലിയുടെ അസ്ഥിരത, അവധി, സാമ്പത്തിക പരിമിതികൾ, അമിതമായ വിമാനക്കൂലി, മാനസിക പിരിമുറുക്കം എന്നിവയുൾപ്പെടെ നിരവധി വെല്ലുവിളികൾ പ്രവാസി രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും പുതിയ പ്രതിസന്ധി കാരണം അഭിമുഖീകരിക്കേണ്ടി വരും എന്ന് രക്ഷാകര്‍ത്താക്കളുടെ പ്രതിനിധി കൃഷ്ണേന്ദു പറഞ്ഞു.
