Asianet News MalayalamAsianet News Malayalam

ആടുജീവിതത്തിന്​ ഒരു അറുതിയുമില്ല​; ഏറ്റവും ഒടുവിൽ രക്ഷപ്പെട്ടത്​ വിതുര സ്വദേശി​

അവിടെ ഇനിയും നിന്നാൽ ജീവൻ പോലും ബാക്കിയുണ്ടാവില്ലെന്ന്​ തിരിച്ചറിഞ്ഞപ്പോൾ ഓടിരക്ഷപ്പെടാൻ തന്നെ തീരുമാനിച്ചു. മരുഭൂമിയിലൂടെ രാപ്പകലില്ലാതെ ഓടിയും നടന്നുമാണ്​ റോഡിലെത്തിയെങ്കിലും തളർന്നുവീണുപോയി.

never ending  stories of adujeevitham vithura native is last victim
Author
Saudi Arabia, First Published Feb 25, 2020, 3:55 PM IST

റിയാദ്​: ഉപജീവനം തേടിപ്പോയി മരുഭൂമിയിലെ ആടുജീവിതത്തിലേക്ക്​ എറിയപ്പെടുന്ന കഥകൾക്ക്​​ ഒരു അറിതിയുമില്ല. കുവൈത്തിൽ വീട്ടുഡ്രൈവർ പണിക്ക്​ പോയി സൗദി അതിർത്തിയിലെ മരുഭൂമിയിലെ ആടുജീവിതത്തിലേക്ക്​ എറിയപ്പെട്ട തിരുവനന്തപുരം വിതുര സ്വദേശിയാണ്​ ഒടുവില​ത്തെ ഇര. അദ്വൈത്​ എന്ന ആ ഹതഭാഗ്യൻ നൂറുകണക്കിന്​ കിലോമീറ്റർ മരുഭൂമിയിലൂടെ ഓടിയും നടന്നും താണ്ടി അതിസാഹസികമായാണ്​ രക്ഷപ്പെട്ടത്​.

നാലര മാസം​ മുമ്പാണ്​ 23 വയസുള്ള ഈ യുവാവ്​ കുവൈത്തിൽ വീട്ട്​ ഡ്രൈവർ വിസയിലെത്തിയത്​. ഒരാഴ്​ച കഴിഞ്ഞപ്പോൾ കുവൈത്തിയായ തൊഴിലുടമ സൗദിയിലൊന്ന്​ പോയി വരാം എന്ന്​ പറഞ്ഞ്​ വാഹനത്തിൽ കയറ്റി കൊണ്ടുവന്ന്​ സൗദി അതിർത്തിയിലെ മരുഭൂമിയിലുള്ള തന്റെ കൃഷിത്തോട്ടത്തിൽ കൊണ്ടാക്കുകയായിരുന്നു. ​നൂറുകണക്കിന്​ ആടുകളെയും ഒട്ടകങ്ങളേയും മേയ്​ക്കാൻ പറഞ്ഞു. എതിർത്തപ്പോൾ അടിയും ഇടിയും. ഗത്യന്തരമില്ലാതെ ജോലി ചെയ്യാൻ തുടങ്ങി.

ആടുകൾക്ക്​​ അസുഖം ബാധിക്കുകയോ ചാവുകയോ ചെയ്​താലും അതിന്റെ ശിക്ഷയും അദ്വൈതിന്റെ ശരീരം ഏറ്റുവാങ്ങണം. ആടുകളുടെ പ്രസവം എടുക്കുന്ന ജോലിയും ചെയ്യേണ്ടിവന്നു. നാല്​ മാസമായപ്പോൾ കിട്ടിയത്​ ഒരു മാസത്തെ ശമ്പളം​. അവിടെ ഇനിയും നിന്നാൽ ജീവൻ പോലും ബാക്കിയുണ്ടാവില്ലെന്ന്​ തിരിച്ചറിഞ്ഞപ്പോൾ ഓടിരക്ഷപ്പെടാൻ തന്നെ തീരുമാനിച്ചു. മരുഭൂമിയിലൂടെ രാപ്പകലില്ലാതെ ഓടിയും നടന്നുമാണ്​ റോഡിലെത്തിയെങ്കിലും തളർന്നുവീണുപോയി.

അതുവഴി വന്ന മംഗാലാപുരം സ്വദേശി അബ്​ദുല്‍ അസീസ്​ കണ്ടതുകൊണ്ട്​ ജീവൻ രക്ഷപ്പെട്ടു. അസീസ്​ അയാളെ സ്വന്തം താമസ സ്​ഥലത്ത്​ കൊണ്ടുവന്ന്​ ഭക്ഷണവും പരിചരണവും നൽകി സംരക്ഷിച്ചു. ഈ സമയത്ത്​ തന്നെ അദ്വൈതി​െൻറ കുടുംബം നാട്ടിൽ നോർക്കയോട്​ ഇയാളെ കണ്ടെത്തി നാട്ടിലെത്തിക്കാൻ സഹായം തേടിയിരുന്നു. ദമ്മാമിലെ സാമൂഹിക സാമൂഹിക പ്രവർത്തകൻ നാസ്​ വക്കം വഴി നോർക്ക യുവാവിനെ കണ്ടെത്താനുള്ള ശ്രമം നടത്തുകയായിരുന്നു. അപ്പോഴാണ്​ അസീസിന്റെ അടുത്ത്​ അദ്വൈത്​ എത്തിയ വിവരം കിട്ടിയത്​. നാസ്​ അയാളെ പോയി ഏറ്റെടുത്ത്​ നിയപരമായ രേഖകളെല്ലാം ശരിയാക്കി നാട്ടിലേക്ക്​ കയറ്റിവിടുകയായിരുന്നു. നാട്ടിലേക്കുള്ള വിമാനടിക്കറ്റ്​ നോർക്ക നൽകി. 

Follow Us:
Download App:
  • android
  • ios