Asianet News MalayalamAsianet News Malayalam

യുഎഇയില്‍ പുതിയ എടിഎം തട്ടിപ്പ്; സൂക്ഷിച്ചില്ലെങ്കില്‍ അക്കൗണ്ട് കാലിയാവും

എസ്എംഎസ്, ഇ-മെയില്‍, വാട്സ്ആപ് എന്നിവ വഴിയെല്ലാം ലഭിക്കുന്ന സന്ദേശങ്ങളോട് പ്രതികരിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യപ്പെട്ടുവെന്ന് അറിയിക്കുന്ന എസ്എംഎസുകളാണ് ഏറ്റവുമൊടുവില്‍ പലര്‍ക്കും ലഭിച്ചത്. 

New ATM scam message in UAE
Author
Abu Dhabi - United Arab Emirates, First Published Dec 13, 2018, 1:00 PM IST

അബുദാബി: ഓരോ ദിവസവും പുതിയ തരത്തിലുള്ള തട്ടിപ്പുകളാണ് ഓണ്‍ലൈന്‍ ലോകത്ത് പിറവിയെടുക്കുന്നത്. സന്ദേശങ്ങളയച്ചും ഫോണ്‍ വിളിച്ചും രഹസ്യ വിവരങ്ങള്‍ ചോര്‍ത്തെയെടുത്ത് പണം തട്ടുന്ന സംഘങ്ങള്‍ ഗള്‍ഫില്‍ സജീവമാണ്. ഇക്കൂട്ടത്തില്‍ ഏറ്റവുമൊടുവില്‍ എടിഎം തട്ടിപ്പിന്റെ വിവരങ്ങളാണ് യുഎഇയിലെ പ്രാദേശിക മാധ്യമങ്ങള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

എസ്എംഎസ്, ഇ-മെയില്‍, വാട്സ്ആപ് എന്നിവ വഴിയെല്ലാം ലഭിക്കുന്ന സന്ദേശങ്ങളോട് പ്രതികരിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യപ്പെട്ടുവെന്ന് അറിയിക്കുന്ന എസ്എംഎസുകളാണ് ഏറ്റവുമൊടുവില്‍ പലര്‍ക്കും ലഭിച്ചത്. ബാങ്കില്‍ നിന്നെന്നപോലെ ഔദ്ദ്യോഗിക രൂപത്തില്‍ എത്തുന്ന ഇത്തരം മെസേജുകളില്‍, നിങ്ങള്‍ ചില രേഖകള്‍ നല്‍കാത്തത് കൊണ്ട് എടിഎം കാര്‍ഡ് ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും  അണ്‍ബ്ലോക്ക് ചെയ്യാനായി താഴെ നല്‍കിയിരിക്കുന്ന നമ്പറുകളില്‍ വിളിക്കാനും ആവശ്യപ്പെടുന്നു.

ഇംഗ്ലീഷിലും അറബിയിലും ലഭിക്കുന്ന സന്ദേശങ്ങളില്‍ രണ്ട് ഫോണ്‍ നമ്പറുകള്‍ക്ക് പുറമെ ചില ലിങ്കുകളും നല്‍കിയിട്ടുണ്ട്. പലരും തട്ടിപ്പുകളെക്കുറിച്ച് ബോധവാന്മാരാണെങ്കിലും ചിലരെങ്കിലും ഇത്തരക്കാരുടെ ഇരകളാവാറുണ്ടെന്ന് ബാങ്കുകള്‍ പറയുന്നു. അക്കൗണ്ടിന്റെയോ കാര്‍ഡിന്റെയോ വിവരങ്ങള്‍ ഒരിക്കലും ബാങ്കുകള്‍ അന്വേഷിക്കില്ലെന്നും ഇത്തരം വിവരങ്ങള്‍ ചോദിച്ചുവരുന്ന ഫോണ്‍കോളുകളും മറ്റ് സന്ദേശങ്ങളും അവഗണിക്കണമെന്നുമാണ് അധികൃതരുടെ മുന്നറിയിപ്പ്.

Follow Us:
Download App:
  • android
  • ios