Asianet News MalayalamAsianet News Malayalam

യുഎഇയില്‍ മുസ്‍ലിം ഇതര വിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ക്കായുള്ള നിയമത്തിന് അംഗീകാരം

യുഎഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ സ്‍പീക്കറുടെ അധ്യക്ഷതയില്‍ അബുദാബിയിലെ പാര്‍ലമെന്റ് ആസ്ഥാനത്ത് ബുധനാഴ്ച ചേര്‍ന്ന സമ്മേളനത്തിലാണ് കരട് ബില്ലിന് അംഗീകാരം നല്‍കിയത്. 

New draft law regulating non Muslim places of worship approved in UAE afe
Author
First Published May 31, 2023, 10:10 PM IST

അബുദാബി: യുഎഇയില്‍ മുസ്‍ലിം ഇതര വിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ക്കായുള്ള കരട് നിയമത്തിന് ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കി. രാജ്യത്ത് സഹിഷ്‍ണുതയും സഹവര്‍ത്തിത്വവും ഊട്ടിയുറപ്പിക്കാന്‍ ലക്ഷ്യമിട്ട് കൊണ്ടുവരുന്ന നിയമം ഫ്രീ സോണുകളില്‍ ഉള്‍പ്പെടെ യുഎഇയില്‍ ഉടനീളം ബാധകമായിരിക്കും.

യുഎഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ സ്‍പീക്കറുടെ അധ്യക്ഷതയില്‍ അബുദാബിയിലെ പാര്‍ലമെന്റ് ആസ്ഥാനത്ത് ബുധനാഴ്ച ചേര്‍ന്ന സമ്മേളനത്തിലാണ് കരട് ബില്ലിന് അംഗീകാരം നല്‍കിയത്. മുസ്‍ലിം ഇതര വിഭാഗങ്ങളുടെ മതപരമായ കര്‍മങ്ങളും ചടങ്ങുകളും ആചാരങ്ങളും പരിശോധിച്ച് അവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിക്കണമെന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. ബന്ധപ്പെട്ട മന്ത്രാലയങ്ങളില്‍ നിന്നുള്ള ശുപാര്‍ശകള്‍ കൂടി പരിഗണിച്ച് ഈ കമ്മിറ്റിയുടെ ഘടനയും പ്രവര്‍ത്തന രീതിയും മറ്റ് ഉത്തരവാദിത്തങ്ങളും യുഎഇ ക്യാബിനറ്റ് തീരുമാനിക്കും. 

ആരാധനാലയങ്ങളുടെ രജിസ്‍ട്രേഷന്‍, ലൈസന്‍സിങ് എന്നിവയ്ക്കായി പ്രത്യേക സംവിധാനം രൂപീകരിക്കും. ആരാധനാലയങ്ങള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ചുള്ള നടപടികളും ചട്ടങ്ങളുമൊക്കെ നിയമത്തിന്റെ ഭാഗമാണ്. എല്ലാ ആരാധനാലയങ്ങളുടെയും പേരില്‍ യുഎഇയില്‍ ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണമെന്നതാണ് നിയമത്തിലെ മറ്റൊരു വ്യവസ്ഥ. നിയമലംഘങ്ങള്‍കക്ക് ഒരു ലക്ഷം ദിര്‍ഹം മുതല്‍ 30 ലക്ഷം ദിര്‍ഹം വരെയുള്ള പിഴകളും നിയമത്തില്‍ വിവരിക്കുന്നുണ്ട്. നിലവിലുള്ള ആരാധനാലയങ്ങള്‍, നിയമം പ്രാബല്യത്തില്‍ വന്ന്  ആറ് മാസത്തിനകം ഇവയ്ക്ക് വിധേമായി പ്രവര്‍ത്തനം ക്രമീകരിക്കണം. ഇതിനുള്ള സമയപരിധി ആറ് മാസം വീതം പരമാവധി രണ്ട് വര്‍ഷം വരെ ദീര്‍ഘിപ്പിച്ച് കൊടുക്കാമെന്നും വ്യവസ്ഥയിലുണ്ട്.

Read also:  ദുബൈയിലുള്ളവര്‍ ശ്രദ്ധിക്കുക! ഇനി സന്ദര്‍ശക വിസകള്‍ക്ക് ഗ്രേസ് പീരിഡ് ഇല്ല

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios