ദുബായ്: യുഎഇയില്‍ വിദേശികള്‍ക്ക് കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാനുള്ള ശമ്പള പരിധി 4000 ദിര്‍ഹമാക്കി കുറച്ചു. പുതിയ നിയമപ്രകാരം സാധരണക്കാരനും ഇനി മുതല്‍ യുഎഇയില്‍ കുടുംബസമേതം താമസിക്കാന്‍ സാധിക്കും. യുഎഇയിലെ മലയാളികളടക്കമുള്ള പ്രവാസികൾക്ക് ഈ തീരുമാനം ആശ്വാസമാകും. 4000 ദിര്‍ഹം ശമ്പളമോ, അല്ലെങ്കില്‍ മൂവായിരം ദിര്‍ഹം ശമ്പളവും കമ്പനി സ്‌പോണ്‍സര്‍ ചെയ്യുന്ന താമസ സൗകര്യവുമുളള വിദേശികള്‍ക്ക് ഇനി കുടുംബത്തെ യുഎഇയില്‍ സ്ഥിരമായി താമസിപ്പിക്കാം.

നിലവില്‍ 5000 ദിര്‍ഹവും അതില്‍ കൂടുതലും ശമ്പളമുള്ള തൊഴിലാളികള്‍ക്കാണ് കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാനുള്ള അനുമതിയുള്ളത്. ഭാര്യയും മക്കളുമടങ്ങുന്ന കുടുംബത്തെ യുഎഇയില്‍ സ്വന്തം വിസയില്‍ താമസിപ്പിക്കാന്‍ സാധാരണക്കാരനും പുതിയ നിയമം വഴി സാധിക്കും. വിസയിലെ ജോലിയോ വരുമാനമോ നിലവിലുള്ള മറ്റു നിബന്ധനകളോ ബാധകമല്ലെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡിന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് വ്യക്തമാക്കി. വിദേശികള്‍ക്ക് അനുകൂലമായി അടുത്തക്കാലത്ത് യുഎഇയില്‍ നടപ്പാക്കി വരുന്ന പുതിയ വിസ ഇളവുകളിലെ ഏറ്റവും സുപ്രധാന തീരുമാനമാണിത്.

ഭര്‍ത്താവിനും ഭാര്യയ്ക്കും പുറമേ 18 വയസിന് താഴെയുള്ള കുട്ടിക്കും അവിവാഹിതരായ പെണ്‍മക്കള്‍ക്കോ ഇത്തരത്തില്‍ യുഎഇയില്‍ താമസിക്കാം. വിദേശ തൊഴിലാളികള്‍ക്ക്, അവരുടെ കുടുംബങ്ങളെ സ്‌പോണ്‍സര്‍ ചെയ്യുന്നതിനുളള പ്രമേയത്തിലെ ഈ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യാനുള്ള തീരുമാനം യുഎഇ മന്ത്രിസഭ നേരത്തെ അംഗീകരിച്ചിരുന്നു.

വിദേശ തൊഴിലാളികളുടെ കുടുംബ സ്ഥിരത, സാമൂഹിക ഐക്യം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം പ്രൊഫഷണല്‍, വ്യക്തിജീവിതം തമ്മിലുള്ള ആരോഗ്യകരമായ സന്തുലിതാവസ്ഥ നിലനിര്‍ത്താനും ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.