ദമ്മാം: ദമ്മാമിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ദമ്മാം മീഡിയ ഫോറത്തിന്റെ 2020 - 2021 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ദമ്മാം റോയൽ മലബാർ റെസ്റ്റാറന്റിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗമാണ്‌ പുതിയ ഭാരവാഹികളെ കണ്ടെത്തിയത്‌. 

പ്രസിഡന്റായി സാജിദ്‌ ആറാട്ടുപുഴ (ഗൾഫ്‌ മാധ്യമം), ജനറൽ സെക്രട്ടറി സിറാജുദീൻ വെഞ്ഞാറമൂട്‌ (തേജസ്‌), ട്രഷറർ മുജീബ്‌ കളത്തിൽ (ജയ്ഹിന്ദ്‌), വൈസ്‌ പ്രസിഡന്റ്‌ ലുഖ്‌മാൻ വിളത്തൂർ (മനോരമ), ജോയിന്റ്‌ സെക്രട്ടറി  വിഷ്ണുദത്ത് എളമ്പുലാശ്ശേരി (കൈരളി) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.  മുൻ പ്രസിഡന്റ്‌ ചെറിയാൻ കിടങ്ങന്നൂർ വരണാധികാരിയായിരുന്നു. ചെറിയാൻ കിടങ്ങന്നൂർ (മംഗളം) അധ്യക്ഷത വഹിച്ച വാർഷിക ജനറൽ ബോഡി യോഗം മുതിർന്ന അംഗം പി.ടി അലവി (ജീവൻ ടിവി) ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അഷ്‌റഫ്‌ ആളത്ത്‌ (ചന്ദ്രിക) വാർഷിക പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. 

കഴിഞ്ഞ കാലങ്ങളിൽ പ്രശംസനീയമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ മീഡിയ ഫോറത്തിന് സാധിച്ചതായും കോവിഡ്‌ കാലത്ത്‌ നിർധനനായ പ്രവാസിക്ക്‌ നാടണയാൻ വിമാന ടിക്കറ്റ്‌ നൽകാനും സാധിച്ചതായി വാർഷിക റിപ്പോർട്ടിൽ വിശദീകരിച്ചു. ഹബീബ്‌ ഏലംകുളം (മലയാളം ന്യൂസ്‌), നൗഷാദ്‌ ഇരിക്കൂർ (മീഡിയവൺ), സുബൈർ ഉദിനൂർ (24 ന്യൂസ്‌) എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഓഡിറ്ററായി മുഹമ്മദ്‌ റഫീഖ്‌ ചെമ്പോത്തറയെ (സിറാജ്‌)  ചുമതലപ്പെടുത്തി. പ്രസിഡന്റ്‌ സാജിദ്‌ ആറാട്ടുപുഴ  നയപ്രഖ്യാപനം നടത്തി.അഷ്‌റഫ്  ആളത്ത് സ്വാഗതവും സിറാജുദീൻ നന്ദിയും പറഞ്ഞു. 

കൊവിഡ്‌ നിയമാവലികൾ പൂർണ്ണമായും പാലിച്ച്‌ കൊണ്ട്‌  ഒക്ടോബർ 24 മുതൽ വാർത്താ സമ്മേളനങ്ങൾ പുനരാരംഭിക്കുമെന്നും  വാർത്താ സമ്മേളനങ്ങൾക്കായി ജനറൽ സെക്രട്ടറി സിറാജുദീൻ വെഞ്ഞാറമൂട്‌ (0509421019), ട്രഷറർ മുജീബ്‌ കളത്തിൽ (0502951575) എന്നിവരെ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.