Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയില്‍ ഇന്നു മുതല്‍ വീണ്ടും പൊടിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്

പൊടിക്കാറ്റിനുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങള്‍ ആവശ്യമായ ജാഗ്രതാ നടപടികള്‍ സ്വീകരിക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇറാഖില്‍ നിന്ന് രൂപം കൊണ്ട മറ്റൊരു പൊടിക്കാറ്റ് സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അടിച്ചുവീശിയിരുന്നു. 

New sandstorm alert issued in Saudi Arabia from saturday
Author
Riyadh Saudi Arabia, First Published May 21, 2022, 11:48 AM IST

റിയാദ്: സൗദി  അറേബ്യയില്‍ ശനിയാഴ്‍ച മുതല്‍ വീണ്ടും പൊടിക്കാറ്റിന് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പൊടിക്കാറ്റിന് പുറമെ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മൂന്ന് ദിവസം നീണ്ടു നില്‍ക്കാന്‍ സാധ്യതയുള്ള കാറ്റ് രാജ്യത്തിന്റെ ചില ബാധിക്കുമെന്നാണ് അറിയിപ്പ്.

പൊടിക്കാറ്റിനുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങള്‍ ആവശ്യമായ ജാഗ്രതാ നടപടികള്‍ സ്വീകരിക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇറാഖില്‍ നിന്ന് രൂപം കൊണ്ട മറ്റൊരു പൊടിക്കാറ്റ് സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അടിച്ചുവീശിയിരുന്നു. തലസ്ഥാനമായ റിയാദിലും കിഴക്കന്‍ പ്രവിശ്യയിലും ദൂരക്കാഴ്‍ച അസാധ്യമാകുന്ന തരത്തിലാണ് കാറ്റ് ബാധിച്ചത്. തുടര്‍ന്ന് അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ആശുപത്രികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്‍തു. ആസ്‍തമ ഉള്‍പ്പെടെയുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവര്‍ പൊടിക്കാറ്റിനെ സൂക്ഷിക്കണമെന്നും മാസ്‍ക് ധരിക്കണമെന്നും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു.

ചൊവ്വാഴ്‍ചയുണ്ടായ പൊടിക്കാറ്റ് കാരണം റിയാദില്‍ മാത്രം 1285 പേര്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ആശുപത്രികളില്‍ ചികിത്സ തേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അയല്‍ രാജ്യമായ ഇറാഖില്‍ കഴിഞ്ഞ മാസം മുതല്‍ തന്നെ പൊടിക്കാറ്റുകള്‍ രൂപം കൊള്ളുന്നുണ്ട്. സൗദി അറേബ്യയ്‍ക്ക് പുറമെ ഇറാന്‍, കുവൈത്ത്, യുഎഇ എന്നീ രാജ്യങ്ങളെയും പൊടിക്കാറ്റ് ബാധിച്ചേക്കും. ശക്തമായ കാറ്റില്‍ മണലും പൊടിപടലങ്ങളും കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് കാഴ്‍ച മറയുന്ന തരത്തില്‍ പൊടിക്കാറ്റായി രൂപാന്തരം പ്രാപിക്കുന്നത്.

Follow Us:
Download App:
  • android
  • ios