സംസ്ഥാനത്തിന്‍റെ ആവശ്യം പരിഗണിച്ച് കൂടുതല്‍ സര്‍വ്വീസുകള്‍ ഏര്‍പ്പെടുത്തിയാല്‍ വിമാന ഇന്ധന നികുതി ഇനിയും കുറക്കാന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി വിമാനകമ്പനി മേധാവികളുടെ യോഗത്തില്‍ അറിയിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുള്ള പുതിയ വിമാനസര്‍വ്വീസുകളുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകില്ല. നിലവിലെ സ്ഥിതി ആശങ്കയുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിമാനക്കമ്പനികളുടെ യോഗത്തില്‍ വ്യക്തമാക്കി. തിരുവനന്തപുരം വിമാനത്താവളത്തിലെ വിമാന ഇന്ധനികുതി 25ല്‍ നിന്ന് 5 ശതമാനമായി സംസ്ഥാന സര്‍ക്കാര്‍ കുറച്ചിരുന്നു. എന്നാല്‍ അനുകൂല പ്രതികരണമല്ല വിമാനകമ്പനികളില്‍ നിന്ന് ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്‍റെ ആവശ്യം പരിഗണിച്ച് കൂടുതല്‍ സര്‍വ്വീസുകള്‍ ഏര്‍പ്പെടുത്തിയാല്‍ വിമാന ഇന്ധന നികുതി ഇനിയും കുറക്കാന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി വിമാനകമ്പനി മേധാവികളുടെ യോഗത്തില്‍ അറിയിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിലെ ലാന്‍റിംഗ് ഫീ, പാര്‍ക്കിംഗ് ഫീ, യൂസര്‍ഫി എന്നിവ കുറക്കണമെന്ന് വിമാനകമ്പിനികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യം 2021ലേ ഇനി പരിഗണിക്കാന്‍ കഴിയൂ എന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാന്‍ അനൂജി അഗര്‍വാള്‍ അറിയിച്ചു.ഇ തോടെ തിരുവന്തപുരം വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ വേണമെന്ന ആവശ്യത്തില്‍ പ്രതീക്ഷ മങ്ങുകയാണ്.

ഈ സാമ്പത്തികവര്‍ഷം ആദ്യമൂന്ന് മാസത്തില്‍ 1579 സര്‍വ്വീസുകളാണ് കുറഞ്ഞത്. ഇതില്‍ 1005എണ്ണം അന്താരാഷ്ട്ര സര്‍വ്വീസുകളാണ്. ഐടി മേഖലയിലും ടൂറിസം രംഗത്തും വന്‍ കുതിച്ചുചാട്ടത്തിന് തിരുവനന്തപുരം ഒരുങ്ങുമ്പോഴാണ് ഈ തിരിച്ചടിയുണ്ടായത്.