ലോകത്തിന്‍റെ ആകെയും ശ്രദ്ധാകേന്ദ്രമായി മാറിയിട്ടുള്ള ബുര്‍ജ് ഖലീഫയും മറീനയും തന്നെയാണ് വര്‍ണാഭമായ ആഘോഷങ്ങളെ വരവേല്‍ക്കുന്നതിനായി ഏറ്റവുമധികം ഒരുങ്ങുന്നത്. ഒരു ലക്ഷം പേരെങ്കിലും ഇവിടങ്ങളിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്

ദുബൈ: ലോകം നാളെ പുതുവര്‍ഷാഘോഷത്തിനുള്ള ഒരുക്കത്തില്‍ സജീവമാകുമ്പോള്‍ ആഘോഷത്തിനുള്ള തയ്യാറെടുപ്പുകളിലാണ് യുഎഇയും. ലോകത്തിന്‍റെ ആകെയും ശ്രദ്ധാകേന്ദ്രമായി മാറിയിട്ടുള്ള ബുര്‍ജ് ഖലീഫയും മറീനയും തന്നെയാണ് വര്‍ണാഭമായ ആഘോഷങ്ങളെ വരവേല്‍ക്കുന്നതിനായി ഏറ്റവുമധികം ഒരുങ്ങുന്നത്. 

ഒരു ലക്ഷം പേരെങ്കിലും ഇവിടങ്ങളിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കണ്ണഞ്ചുന്ന കരിമരുന്ന് പ്രയോഗമാണ് ബുര്‍ജ് ഖലീഫയിലെ ആഘോഷങ്ങളില്‍ ഏറ്റവും കൗതുകം കൂട്ടുന്നത്. വൈകുന്നേരത്തോടെ തന്നെ ഇവിടേക്കുള്ള ഗതാഗതം പൂര്‍ണമായി അടക്കുമെന്നതിനാല്‍ ഇവിടെ എത്തിച്ചേരേണ്ടവര്‍ നേരത്തെ തന്നെ പുറപ്പെടേണ്ടതായി വരാം. 

ഗ്ലോബല്‍ വില്ലേജിലാണെങ്കില്‍ രാത്രി എട്ടിന് ശേഷം തുടങ്ങുന്ന പുതുവത്സരപരിപാടികള്‍ പുലര്‍ച്ചെ ഒന്നര വരെ നീളും. വിവിധ ക്ലബ്ബുകളിലും ബീച്ചുകളിലുമെല്ലാമായി വൈവിധ്യമാര്‍ന്ന പരിപാടികളാണ് പുതുവത്സരത്തോട് അനുബന്ധമായി ഒരുങ്ങുന്നത്. 

നാളെ ഒരു ദിവസം ആഘോഷത്തിരക്കുകള്‍ പ്രമാണിച്ച് വലിയ രീതിയില്‍ യുഎഇയുടെ നഗരങ്ങളിലെല്ലാം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടേക്കാമെന്നതിനാല്‍ ഇന്നുതന്നെ അധികൃതര്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. 

പരമാവധി വാഹനങ്ങള്‍ നാളെ ഉപയോഗിക്കാതെ കഴിക്കാൻ ശ്രമിക്കണമെന്നാണ് ഒരു നിര്‍ദേശം. വാഹനം കൊണ്ടുവരുന്നവര്‍ ആഘോഷത്തിനായി പോകേണ്ടയിടത്തേക്ക് വൈകുന്നേരത്തിന് മുമ്പ് തന്നെ എത്തണം. കടുത്ത പാര്‍ക്കിംഗ് തിരക്കും അനുഭവപ്പെട്ടേക്കാമെന്നതിനാലാണ് വാഹനങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതിന് അഭ്യര്‍ത്ഥിക്കുന്നത്. ഷാര്‍ജയില്‍ ജനുവരി ഒന്നിന് പാര്‍ക്കിംഗ് സൗജന്യമായിരിക്കുമെന്ന് നഗരസഭ അറിയിച്ചിട്ടുണ്ട്.

അബുദാബിയില്‍ വലിയ വാഹനങ്ങള്‍ക്ക് നാളെ നഗരത്തില്‍ വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ട്രക്ക്,ലോറി, ബസ് എന്നിങ്ങനെയുള്ള ഹെവി വാഹനങ്ങള്‍ക്കാണ് വിലക്ക്. നാളെ വൈകീട്ട് ഏഴ് മുതല്‍ പുതുവര്‍ഷദിനമായ ഒന്ന് പുലര്‍ച്ചെ വരെയാണ് വിലക്ക്. 

മെട്രോ തുടര്‍ച്ചയായി സര്‍വീസ് നടത്തും. എന്നാല്‍ ബുര്‍ജ് ഖലീഫ മെട്രോ സ്റ്റേഷൻ നാളെ വൈകീട്ട് അഞ്ചോടെ അടയ്ക്കും. ഇവിടേക്കുള്ള യാത്രക്കാര്‍ക്ക് ഇതിന് മുമ്പാണെങ്കില്‍ ഈ സ്റ്റേഷനില്‍ ഇറങ്ങാം. ട്രാമുകളും സര്‍വീസ് നടത്തുന്നുണ്ട്. 

Also Read:- പുതുവത്സരാഘോഷം അതിരുവിടരുത്, കൊച്ചിയിൽ കർശന നടപടിയുമായി പൊലീസ്